ന്യൂഡൽഹി: അടുത്ത 12 മുതൽ 18 മാസം വരെ കോവിഡ് നമുക്കൊപ്പമുണ്ടാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ഹാർവാർഡ് സർവകലാശാല പ്രഫസറുമായ ആശിഷ് ഝാ. അടുത്ത വർഷത്തോടെ കോവിഡിന് വാക്സിൻ തയാറാകും. ജനസംഖ്യക്ക് ആനുപാതികമായി 60 കോടി വാക്സിൻ ഡോസുകൾ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച് ഇന്ത്യ ഇപ്പോൾ ആസൂത്രണം ചെയ്തു തുടങ്ങണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ആഗോള മഹാമാരികളെ ഇനിയും അഭിമുഖീകരിച്ചുകൊണ്ടിരിക്കും. കോവിഡ് അവസാനത്തേതായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വാക്സിനുകൾ പ്രതീക്ഷ നൽകുന്നുണ്ട്. യു.എസ്, ചൈനീസ്, ഒാക്സ്ഫഡ് എന്നിവിങ്ങളിൽ വികസിപ്പിക്കുന്നവയാണവ. അതിൽ ഏതു വാക്സിനാകും ഫലപ്രദമാകുകയെന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ എല്ലാം, അല്ലെങ്കിൽ ഒരെണ്ണമെങ്കിലും. പക്ഷേ, അടുത്തവർഷം കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ തയാറാകുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അതിനാൽ വാക്സിൻ ഫലപ്രദമായാൽ അവ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച പദ്ധതിയിൽ ഇന്ത്യ ഇപ്പോൾ മുതൽ ശ്രദ്ധ നൽകണം -ഝാ കൂട്ടിച്ചേർത്തു.
നിലവിലുള്ളതിനേക്കാൾ പരിശോധന ശേഷി വർധിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിശ്വാസം. രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണം. അപകട സാധ്യതയേറിയ പ്രദേശങ്ങളിൽ കർശന നിരീക്ഷണത്തിനായി പദ്ധതി തയാറാക്കുകയും സ്ഥലങ്ങളെ ക്രോഡീകരിച്ച് തരം തിരിക്കുകയും ചെയ്യണം.
കന്നുകാലികളെ ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്ന് ചില ആളുകൾ പറയുന്നു. എന്നാൽ അത്തരത്തിൽ സംഭവിച്ചാൽ ദശലക്ഷത്തിലധികം പേർക്ക് രോഗബാധയേൽക്കും. ഇത് അങ്ങേയറ്റം ഭീകരമായ അഭിപ്രായമാണ്. നിരവധി പേരുടെ മരണത്തിന് അവ ഇടയാക്കും. നമ്മൾ രൂപീകരിക്കേണ്ട പദ്ധതി എല്ലാവരെയും സംരക്ഷിച്ചുകൊണ്ടുള്ളതാകണം. പ്രായമായവരെയും കുട്ടികളെയും ഗുരുതര രോഗമുള്ളവരെയും രോഗത്തിൽനിന്ന് സംരക്ഷിച്ച് നിർത്തണം- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.