ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കിയതു മുതൽ ടെക് ഭീമൻ മെറ്റയുമായുള്ള ഉരസൽ തുടരുന്ന കേന്ദ്ര സർക്കാർ, മെറ്റയുടെ ആഗോള ടീമിനെ വിളിപ്പിച്ചു. മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കിയത് തൊട്ട്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ പ്രചരിച്ചതു വരെയുള്ള വിവിധ പ്രശ്നങ്ങളിൽ ഈ മാസം അഞ്ചിനും ആറിനും ഐ.ടി മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥർ അവരുടെ മൊഴിയെടുക്കും.
ലോകത്തെ ഏറ്റവും പ്രമുഖ ടെക്നോളജി കമ്പനികളിൽ ഒന്നായിരുന്നിട്ടും ഇത്തരം വീഴ്ചകൾ എന്തുകൊണ്ട് ആവർത്തിക്കുന്നു എന്നത് മനസ്സിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഐ.ടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു. സർക്കാർ പ്രതിനിധികൾ മെറ്റ ഉദ്യോഗസ്ഥരെ കാണുമെന്നും ഇന്ത്യൻ നിയമവും അതിന്റെ പാലനവും, പ്രമുഖ വ്യക്തികളുടെ പോസ്റ്റ് നീക്കം ചെയ്ത കാര്യവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വാർത്താലേഖകരെ അറിയിച്ചു. ചില കാര്യങ്ങൾ വേണ്ടതുപോലെ മുന്നോട്ടു പോകാത്തതിന്റെ കാരണം ചോദിച്ചറിയും.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെയും അതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് നീക്കം ചെയ്യപ്പെട്ടത്. പിന്നീട് പുനഃസ്ഥാപിച്ച്, സാങ്കേതിക തകരാർ സംഭവിച്ചതാണെന്ന് വിശദീകരിച്ച് കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ക്ഷമാപണം നടത്താൻ തയാറാണെന്ന് പാർലമെന്ററി സമിതിയെ അവർ അറിയിച്ചെങ്കിലും നിയമനടപടി സ്വീകരിക്കണമെന്നാണ് ചില അംഗങ്ങളുടെ ആവശ്യം. ഇന്ത്യയിൽ നിന്ന് വൻ വരുമാനം നേടുന്ന മെറ്റ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.