മൗലാനാ മഹ്മൂദ് അസദ് മദനി
ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് സഹായമായി ഇന്ത്യ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകിയെന്ന റിപ്പോർട്ടുകളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ മഹ്മൂദ് അസദ് മദനി. ഇസ്രായേലുമായുള്ള സൈനിക സഹകരണം ഇന്ത്യ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 ഒക്ടോബർ ഏഴു മുതൽ ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് കുറഞ്ഞത് 2,596 ആയുധ, സൈനിക ഉപകരണ ഷിപ്പ്മെന്റുകൾ അയച്ചെന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മെയ്ഡ് ഇൻ ഇന്ത്യ: ഇസ്രയേലിലേക്ക് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണം’ എന്ന തലക്കെട്ടിലാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
സങ്കീർണമായ അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യക്തതയില്ലാത്ത നിലപാട് ഇന്ത്യയുടെ ധാർമിക നിലപാടിനെയും ആഗോള പ്രതിച്ഛായയെയും ബാധിക്കുമെന്ന് മദനി പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം. അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള ആയുധങ്ങൾ വിതരണം ചെയ്യുന്നത് മാനുഷിക തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരം ആരോപണങ്ങൾ ശരിയാണെങ്കിൽ അത് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രപരമായി പലസ്തീൻ വിഷയത്തിൽ ഇന്ത്യ അവർക്ക് പിന്തുണ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് ആ നയത്തിൽ നിന്നുള്ള വ്യതിചലനമാകും. 1949ലെ ജനീവ കൺവെൻഷനുകളും 1948ലെ വംശഹത്യ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനും പരാമർശിച്ച മദനി, യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ആയുധ വിതരണം ഒഴിവാക്കേണ്ടത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി.
ഗാസയിലെ മനുഷ്യാവകാശ പ്രതിസന്ധിയിലും മദനി ആശങ്ക പ്രകടിപ്പിച്ചു. വലിയതോതിലുള്ള മരണങ്ങളും നാശനഷ്ടങ്ങളും സാധാരണ ജനങ്ങളുടെ കുടിയൊഴിപ്പിക്കലും ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്രായേലിന് ആയുധങ്ങൾ നൽകിയെന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇസ്രയേൽ പ്രതിരോധ സേനക്ക് നേരിട്ട് ഉപകരണങ്ങൾ നൽകുന്ന പ്രമുഖ ഇസ്രയേൽ പ്രതിരോധ കമ്പനികൾക്കാണ് ഇന്ത്യ ആയുധങ്ങൾ കൈമാറിയതെന്നാണ് ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഗസ്സയിലെ സാഹചര്യം ലോകം മുഴുവൻ ദിവസേന കാണുമ്പോഴും ഇന്ത്യ ഇസ്രായേൽ സൈന്യത്തിനും പ്രതിരോധ മേഖലക്കും സഹായം നൽകുന്നത് തുടരുകയാണെന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ അഗ്‌നസ് കാലമാർഡ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.