മുംബൈ: ഗസ്സയിൽ തുടരുന്ന യുദ്ധത്തിനെതിരെ നഗരത്തിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ ഇടതുപാർട്ടികളായ സി.പി.ഐ, സി.പി.എം എന്നിവയെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ മുംബൈ പൊലീസിനോട് ബോംബെ ഹൈകോടതി.
സമാനമായ ഒരു പ്രകടനം പുണെയിൽ സമാധാനപരമായി നടത്തിയിട്ടുണ്ടെന്ന് ഹരജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ മിഹിർ ദേശായിയും ലാറ ജെസാനിയും ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ജസ്റ്റിസ് രവീന്ദ്ര വി. ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം.
‘ഇത് നമ്മുടെ രാജ്യത്തെ പ്രശ്നമല്ല, മറ്റൊരു രാജ്യത്തിന്റെ പ്രശ്നമാണെങ്കിലും അവർ പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നു. പുണെയിൽ അവർ പ്രതിഷേധിച്ചാൽ നിങ്ങൾക്കെന്താണ് പ്രശ്നം?’ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഗസ്സ വംശഹത്യയെ അപലപിക്കാനും വെടിനിർത്തൽ ആവശ്യപ്പെടാനുമുള്ള ആഗോള ആഹ്വാനത്തിന്റെ ഭാഗമായി ഛത്രപതി ശിവജി മഹാരാജ് ടെർമിനലിടുത്തുള്ള നിയുക്ത പ്രതിഷേധ സ്ഥലമായ ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ ഇടതുപക്ഷ പാർട്ടികൾ അനുമതി തേടിയിരുന്നു.
വംശഹത്യക്കിരയാവുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും മേഖലയിലേക്ക് മാനുഷിക സഹായം അനുവദിക്കാൻ അന്താരാഷ്ട്ര പ്രസ്ഥാനങ്ങളോട് സമ്മർദ്ദം ചെലുത്തുന്നതിനുമായാണ് തങ്ങളുടെ പ്രകടനം എന്ന് പാർട്ടികൾ പറഞ്ഞു.
ജൂൺ 13ന് ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ (എ.ഐ.പി.എസ്.ഒ) ബാനറിൽ അനുമതിക്കായുള്ള ആദ്യ അഭ്യർഥന പാർട്ടികൾ നടത്തിയിരുന്നു. എന്നാൽ, ഒരു അന്താരാഷ്ട്ര വിഷയത്തിൽ പ്രതിഷേധം കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിന് വിരുദ്ധമാകുമെന്നും രാഷ്ട്രീയ-സാമൂഹിക-മത ഗ്രൂപ്പുകളിൽ നിന്ന് എതിർപ്പുകൾ ഉണ്ടാകാമെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആശങ്ക പ്രകടിപ്പിച്ച് ജൂൺ 17ന് ആസാദ് മൈതാൻ പൊലീസ് അത് നിരസിക്കുകയായിരുന്നു.
ജൂൺ 25നും ജൂലൈ 19നും നൽകിയ രണ്ട് അപേക്ഷകൾ കൂടി പൊലീസ് നിരസിച്ചു. തുടർന്ന് പാർട്ടികൾ ഹൈകോടതിയെ സമീപിച്ചു. സർക്കാറിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമാണെങ്കിൽപ്പോലും ജനാധിപത്യത്തിൽ അത് പ്രകടിപ്പിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. പ്രോസിക്യൂഷൻ ചൊവ്വാഴ്ച കോടതിയിൽ മറുപടി നൽകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.