അറസ്റ്റിലായ അധ്യാപക ദമ്പതിമാർ

സർക്കാർ ജോലി പോകുമെന്ന് ഭയം, നവജാത ശിശുവിനെ വനത്തിൽ ഉപേക്ഷിച്ചു; അധ്യാപക ദമ്പതിമാർ അറസ്റ്റിൽ

ഭോപാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയിലെ നന്ദന്‍വാടി ഗ്രാമത്തിൽ നവജാത ശിശുവിനെ വനത്തിൽ ഉപേക്ഷിച്ച സംഭവത്തില്‍ സർക്കാർ സ്‌കൂള്‍ അധ്യാപകരായ ദമ്പതിമാർ അറസ്റ്റില്‍. ബബ്‌ലു ദന്ദോലിയ (38), ഭാര്യ രാജ്കുമാരി (30) എന്നിവരാണ് അറസ്റ്റിലായത്. ജോലി പോകുമെന്ന ഭയത്തിലാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെയാണ് രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിൽ കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒടുവില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാർ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തി ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയുടെ അതിജീവനം ഒരു അത്ഭുതമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്ന് വ്യക്തമാക്കി. കരച്ചില്‍ കേട്ടപ്പോള്‍ മൃഗങ്ങള്‍ വല്ലതുമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും, അടുത്ത് ചെന്നപ്പോഴാണ് കല്ലിനിടയില്‍ കുഞ്ഞിക്കൈകള്‍ പിടയുന്നത് കണ്ടതെന്നും കുട്ടിയെ രക്ഷപ്പെടുത്തിയ ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു.

മധ്യപ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ധനോറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഖന്‍ലാല്‍ അദിര്‍വാര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.

Tags:    
News Summary - Madhya Pradesh teacher couple arrested for abandoning newborn ‘for fear of losing govt job’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.