ന്യൂഡൽഹി: ദേശീയതലത്തിൽ പരീക്ഷാ വിവാദങ്ങൾ തുടരുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ ലക്ഷ്യമിട്ട് രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വീണ്ടും രംഗത്ത്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന പരീക്ഷാ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, "രാജ്യത്തിന് വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യം" എന്ന് കെജ്‌രിവാൾ തുറന്നടിച്ചു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയിലുണ്ടായ സാങ്കേതിക തകരാറുകളും വ്യാപകമായ സമയമാറ്റവും ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയിലാണ് ഒടുവിലായി വൻ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തത്. എൻ.ടി.എ-യുടെ ഡിജിറ്റൽ സാങ്കേതിക പങ്കാളിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക തകരാറാണ് പരീക്ഷകൾ വൈകാൻ കാരണമായത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാവിലെ നടക്കേണ്ടിയിരുന്ന സെഷനുകൾ രണ്ടു മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. ഇതേത്തുടർന്ന് ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകളുടെ സമയവും പൂർണ്ണമായി പുനഃക്രമീകരിക്കേണ്ടി വന്നു. മണിക്കൂറുകളോളം പരീക്ഷാ കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാത്തുനിൽക്കേണ്ടി വന്നു.
ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ഉന്നയിച്ച "ആദ്യം നീറ്റ്, പിന്നെ സി.ബി.എസ്.ഇ, ഇപ്പോൾ സി.യു.ഇ.ടി" എന്ന വിമർശനങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കെജ്‌രിവാൾ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി എത്തിയത്. രാജ്യത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും പരീക്ഷാ സംവിധാനങ്ങളും കൃത്യമായി കൈകാര്യം ചെയ്യാൻ ഉയർന്ന ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വേണമെന്നും, അതില്ലാത്തതാണ് കേന്ദ്ര ഭരണത്തിന്റെ പരാജയമെന്നും ആപ്പ് കുറ്റപ്പെടുത്തി.
സി.യു.ഇ.ടി പരീക്ഷയിലെ തകരാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുൻപുള്ള മാസങ്ങളിലും സമാനമായ വലിയ പ്രതിസന്ധികൾ രാജ്യത്തുണ്ടായിരുന്നു. ഈ മാസം ആദ്യം നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. ക്രമക്കേടുകൾ വ്യക്തമായതോടെ പരീക്ഷ റദ്ദാക്കുകയും കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുകയും ചെയ്തു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിലും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ കേന്ദ്രങ്ങളിലെ സെർവർ ഡൗൺ പ്രശ്നങ്ങൾ കാരണം ഉദ്യോഗാർത്ഥികൾ വലഞ്ഞിരുന്നു.
സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിലും ഡാറ്റാ മാനേജ്‌മെന്റിലും വന്ന അപാകതകളിൽ അധ്യാപക സംഘടനകളും പ്രതിപക്ഷവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിക്കായി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.