ന്യൂഡൽഹി: എക്സിക്യുട്ടീവും ജുഡീഷ്യറിയും തമ്മിൽ തർക്കം നിലനിൽക്കെ, ഭരണഘടനക്കാണോ പാർലമെന്‍റിനാണോ പരമാധികാരമെന്ന ചോദ്യത്തിന് ഉത്തരം നൽകി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് രംഗത്ത്. ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളായ നിയമനിർമാണ സഭ, കാര്യനിർവഹണ വിഭാഗം, നീതിന്യായം എന്നിവ ഭരണഘടനക്ക് അനുസൃതമായി, അതിനു കീഴിലാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ഭരണഘടനക്കാണ് പരമാധികാരമെന്നും അദ്ദേഹം വ്യക്തമാക്കി. അമരാവതിയിലെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
“പാർലമെന്‍റിനാണ് പരമാധികാരമെന്ന് നിരവധിപേർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ അഭിപ്രായത്തിൽ ഇന്ത്യൻ ഭരണഘടനക്കാണ് പരമാധികാരം. ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളായ നിയമനിർമാണ സഭ, കാര്യനിർവഹണ വിഭാഗം, നീതിന്യായം എന്നിവ ഭരണഘടനക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. പാർലമെന്‍റിന് ഭേദഗതി വരുത്താനുള്ള അധികാരം മാത്രമാണുള്ളത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല” -ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നേരത്തെ സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധർകറും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി നയപരമായ തീരുമാനങ്ങളിൽ ഉത്തരവിടുന്നത് ശരിയല്ലെന്നായിരുന്നു ധൻകറിന്‍റെ പരാമർശം. എന്നാൽ ഇരുവരുടെയും പരാമർശം വ്യക്തിപരമായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.