വിവാദ ബില്ലുകൾ അവതരിപ്പിച്ചു; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെ മണ്ഡല പുനർനിർണയത്തിനുള്ള നിയമനിർമാണത്തിനായി മൂന്ന് വിവാദ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നിവയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ചത്. ഇവ പാസാക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ വൈകീട്ട് നാലു മണിക്ക് നടക്കുമെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞു. മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെയാണ് തുടങ്ങിയത്.  

33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്തുന്നതാണ് മണ്ഡല പുനർ നിർണയ ബിൽ. ബിൽ നിയമമായാൽ ലോക്സഭയിലേക്ക് സംസ്ഥാനങ്ങളിൽനിന്ന് 815ൽ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്ന് 35ൽ കൂടാത്ത അംഗങ്ങളും തെരഞ്ഞെടുക്കപ്പെടും.

ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനർനിർണയത്തിനുള്ള നിയമനിർമാണം സർക്കാർ നടത്തുന്നത്.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭാ സീറ്റുകളുടെ പുനർ നിർണയവും മണഡലങ്ങളുടെ അതിർത്തി നിർണയവും ബന്ധപ്പെട്ട കാര്യങ്ങൾക്കുമുള്ളതാണ് മണ്ഡല പുനർനിർണയ ബിൽ-2026 എന്ന് ബില്ലിന്റെ ആമുഖത്തിലുണ്ട്.

നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുന്നതിനുപകരം, വനിതകൾക്ക് നൽകാനെന്ന പേരിൽ ആകെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബില്ലുകൾ എം.പിമാർക്ക് നൽകാത്തത് പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ മൂന്നു ബില്ലുകളുടെ പകർപ്പുകൾ എം.പിമാർക്ക് നൽകിയിരുന്നു.

കേന്ദ്ര സർക്കാർ നിയോഗിക്കുന്ന മണ്ഡല പുനർ നിർണയ കമീഷൻ, 2011ലെ സെൻസസ് ആധാരമാക്കിയാണ് മണ്ഡലങ്ങളുടെ വലുപ്പവും അതിർത്തിയും പുനഃക്രമീകരിക്കുക. ഇതിനായി 2026ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി വനിത സംവരണം നടപ്പാക്കുമെന്ന 2023ലെ നിയമഭേദഗതി തിരുത്തി 2011ലെ സെൻസസ് ആധാരമാക്കി മണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള ഭേദഗതിയും ബില്ലിലുണ്ട്. ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ഭരണഘടനാ ഭേദഗതി ബിൽ.

പ്രതിപക്ഷം എതിർത്താൽ ഭരണഘടനാ ഭേദഗതി പാസാവില്ല

തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്ത് ഈ ബില്ലുകൾ അവതരിപ്പിച്ചാൽ മതിയെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സർക്കാർ ഏകപക്ഷീയമായി ഇന്ന് പ്രത്യേകം പാർലമെന്റ് വിളിച്ചുചേർത്തിരിക്കുന്നത്. അതിനാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്താൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാറിന് ലഭിക്കില്ല.

ബില്ലിനെ എതിർത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, എൻ.കെ. പ്രേമചന്ദ്രൻ, കെ. രാധാകൃഷ്ണൻ, അഖിലേഷ് യാദവ് തുടങ്ങിയവരും അനുകൂലിച്ച് അമിത്ഷാ അടക്കമുള്ളവരും സംസാരിച്ചു. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്ത തകർത്ത്, രാജ്യത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വിഭജിക്കാനാണ് മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

ഈ ബില്ല് പാസായാൽ രാജ്യത്തെ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കാൻ സർക്കാരിന് കേവല ഭൂരിപക്ഷം മാത്രം മതിയാകുമെന്നതാണ് ഏറ്റവും വലിയ അപകടം. പാർലമെന്റിനെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാതെ മണ്ഡല പുനർനിർണ്ണയം നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഈ ബില്ലിലൂടെ സർക്കാർ കൈക്കലാക്കുകയാണ്. അസമിലും ജമ്മു കശ്മീരിലും ഏകപക്ഷീയമായി മണ്ഡലങ്ങൾ വെട്ടിമാറ്റി രാഷ്ട്രീയ നേട്ടം കൊയ്ത രീതി രാജ്യവ്യാപകമാക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന പരാജയത്തെ മറികടക്കാനുള്ള തന്ത്രമാണിത് -അദ്ദേഹം പറഞ്ഞു.

വനിതാ സംവരണത്തിന്റെ മറപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ബിജെപി വ്യാമോഹിക്കുന്നത്. കോൺഗ്രസ് വനിതാ സംവരണത്തിന് എതിരല്ല. 543 അംഗ പാർലമെന്റിൽ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കണമെന്ന് 2024-ൽ തന്നെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദ്യം സെൻസസ്, പിന്നീട് മണ്ഡല പുനർനിർണ്ണയം, അതിനുശേഷം മാത്രം വനിതാ സംവരണം എന്ന നിബന്ധന കൊണ്ടുവന്നതിലൂടെ സർക്കാരിന്റെ രാഷ്ട്രീയ അജണ്ട വ്യക്തമായിരിക്കുകയാണ്.

രാജ്യത്തിന്റെ ജനാധിപത്യത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെ അംഗീകരിക്കാൻ കഴിയില്ല. പാർലമെന്റിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ഡിലിമിറ്റേഷൻ സംബന്ധിച്ച ഭാഗങ്ങൾ പരാജയപ്പെടുത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സർക്കാർ. സുപ്രീം കോടതി റിട്ടയർഡ് ജഡ്ജിയും തെരഞ്ഞെടുപ്പ് കമ്മീഷണറും അടങ്ങുന്ന ഡിലിമിറ്റേഷൻ കമ്മീഷനെ നിശ്ചയിക്കുന്നത് സർക്കാർ നേരിട്ടാണ്. കേവല ഭൂരിപക്ഷം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും മണ്ഡലങ്ങളുടെ അതിർത്തി മാറ്റാൻ സർക്കാരിന് അധികാരം നൽകുന്നതിലൂടെ വലിയ ചതിക്കുഴികളാണ് ബില്ലിലുള്ളത്. മണ്ഡല പുനർനിർണ്ണയത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ ആരാണ് സംരക്ഷിക്കുക? നീതി ലഭിക്കേണ്ട സംസ്ഥാനങ്ങളോട് നിരന്തരമായ അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. 50 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ബില്ലിലെ വ്യവസ്ഥകൾ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Constitution Amendment Bill to enable women's reservation, delimitation introduced in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.