അഖിലേഷ് യാദവിനെതിരെ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കില്ല

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെയും അദ്ദേഹത്തിന്‍റെ അമ്മാവൻ ശിവ്പാൽ യാദവിനെതിരെയും സ്ഥാനാർഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ സോണിയ ഗാന്ധിക്കെതിരെയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെയും എസ്.പി സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നില്ല.

2017ൽ സഖ്യമായി മത്സരിച്ച കോൺഗ്രസും എസ്.പിയും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. പിതാവ് മുലായം സിങ്ങിന് സ്വാധീനമുണ്ടായിരുന്ന മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽനിന്നാണ് അഖിലേഷ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. എതിരാളി ബി.ജെ.പി കേന്ദ്ര മന്ത്രി എസ്.പി. സിങ് ബാഘേലാണ്. ഇരുവരും കഴിഞ്ഞദിവസം പത്രിക നൽകിയിരുന്നു.

കുടുംബ വഴക്കിനെ തുടർന്ന് എസ്.പി വിട്ട് സ്വന്തം പാർട്ടി രൂപവത്കരിച്ച് 2017 നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചിരുന്ന ശിവ്പാൽ യാദവ്, ഇത്തവണ അഖിലേഷുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള ജസ്വന്ത് നഗറിൽനിന്നാണ് ശിവ്പാൽ മത്സരിക്കുന്നത്. ഇരുവർക്കെതിരെയും ദലിത് സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് ബി.എസ്.പി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Congress Won't Field Candidate Against Akhilesh Yadav, Shivpal Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.