കർണാടകയിൽ നിന്ന് കോൺഗ്രസിന് 20 എം.പിമാരുണ്ടാവും -സലിം അഹ്മദ്

മംഗളൂരു: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡലങ്ങളിൽ 20ലും കോൺഗ്രസ് വിജയിക്കുമെന്ന് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദ് എം.എൽ.സി. മംഗളൂരുവിൽ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.

കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലാണ്. ഓരോ മണ്ഡലത്തിലും മന്ത്രി, മുതിർന്ന നേതാവ് എന്നിവരുടെ മേൽനോട്ടത്തിൽ സമിതി രൂപവത്കരിക്കും.

ഈ സമിതിയുടെ പഠന, നിരീക്ഷണ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കും. സ്ഥാനാർഥി നിർണയം ഉൾപ്പെടെ ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും നടക്കുക.

നിയമസഭ തെരഞ്ഞെടുപ്പിൽ നൽകിയ ഉറപ്പുകൾ സർക്കാർ ഒന്നൊന്നായി നടപ്പാക്കിവരുകയാണ്. ഇത് ജനങ്ങളിൽ സൃഷ്ടിച്ച വിശ്വാസ്യത ലോക്സഭ തെരഞ്ഞെടുപ്പിലും വിധി അനുകൂലമാക്കും.

ബി.ജെ.പിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. ആ പാർട്ടിയുടെ നേതൃതലത്തിലുൾപ്പെടെ കൊഴിഞ്ഞു പോക്കിന്‍റെ കാലമാണ്. ജഗദീഷ് ഷെട്ടാറിനെ അമിത് ഷാ വിളിച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങൾ ആരും മുഖവിലക്കെടുക്കില്ലെന്ന് സലിം അഹമ്മദ് പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ഹരിപ്രസാദ് എം.എൽ.സി, മുൻമന്ത്രി ബി. രമാനാഥ റൈ, മുൻ എം.എൽ.എ ജെ.ആർ. ലോബൊ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Congress will have 20 MPs from Karnataka - Salim Ahmad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.