പുതിയ തൊഴിൽ ചട്ടങ്ങൾക്കെതിരെ ശക്തമായ എതിർപ്പുമായി കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്രം വിജ്ഞാപനം ചെയ്ത പുതിയ തൊഴിൽ ചട്ടങ്ങൾക്കെതിരെ കോൺഗ്രസ്. ദേശീയതലത്തിൽ കുറഞ്ഞ ദിവസ വേതനം 400 രൂപയായി ഉറപ്പു വരുത്തണമെന്ന് പാർട്ടി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. തൊഴിലാളികളോട് നീതി പുലർത്താൻ ഈ നാല് തൊഴിൽ നിയമങ്ങൾക്ക് കഴിയില്ലെന്ന് പാർട്ടി വിലയിരുത്തി.

നിലവിലെ 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാലെണ്ണമായി ചുരുക്കിയത് വലിയൊരു സംഭവമാക്കി കേന്ദ്രം പ്രചരിപ്പിക്കുകയാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ് പരിഹസിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടെ ദിവസം 400 രൂപ കുറഞ്ഞ വേതനം, 25 ലക്ഷം രൂപയുടെ സാർവത്രിക ആരോഗ്യ പരിരക്ഷ, നഗര മേഖലകളിൽ ജോലി ഉറപ്പുനൽകാൻ നിയമം, ലൈഫ് ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സമഗ്ര സാമൂഹിക സുരക്ഷ എന്നിങ്ങനെ തൊഴിലാളികൾ ഉന്നയിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ അതിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. നിയമങ്ങൾ ആവിഷ്കരിച്ച് 21ാം നൂറ്റാണ്ടിന് ഉതകുന്ന വിധം തൊഴിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാറും, രാജസ്ഥാനിലെ മുൻ സർക്കാറും കാട്ടിയ മാതൃക മോദി സർക്കാർ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വേതനം, തൊഴിലിട സുരക്ഷ, വ്യവസായ ബന്ധം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തത്. ഭരണപക്ഷ, പ്രതിപക്ഷ ട്രേഡ് യൂനിയനുകളുടെ എതിർപ്പിനെ തുടർന്ന് അതിന്മേലുള്ള തുടർനടപടികൾ മാറ്റിവെച്ചിരിക്കുകയായിരുന്നു. തൊഴിലാളികളുടെ പിരിച്ചുവിടൽ ഉൾപ്പെടെ പല കാര്യങ്ങളിലും വ്യക്തത ഇല്ലാത്തതും, കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് വിവേചനപരമായ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മുൻനിർത്തിയാണ് പല യൂനിയനുകളും എതിർപ്പ് പ്രകടിപ്പിച്ചത്.

Tags:    
News Summary - Congress strongly opposes new labor rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.