ന്യൂഡൽഹി: ട്വിറ്റർ മുൻ സി.ഇ.ഒയുടെ വെളിപ്പെടുത്തലിനുള്ള പ്രതികരണമായി ഏകാധിപതി ഭീരുവാണെന്ന് കോൺഗ്രസ്. ബ്രിട്ടീഷുകാർക്ക് പാദസേവചെയ്യുന്ന കാലം തൊട്ടേ ഏകാധിപത്യത്തിന്റെ ടൂൾകിറ്റ് ഉപയോഗിക്കുന്നവരാണ് ആർ.എസ്.എസും ബി.ജെ.പിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാർക്കൊപ്പംനിന്ന ആർ.എസ്.എസും ബി.ജെ.പിയും വെളിപ്പെടുത്തലിനു പിന്നാലെ ദേശീയവാദികളായി ചമയേണ്ടെന്നും ഖാർഗെ ഓർമിപ്പിച്ചു.
രാജ്യത്തെ ലജ്ജിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ ബി.ജെ.പിയാണെന്ന് വിമർശിച്ച ഖാർഗെ കർഷകസമരം അടിച്ചമർത്താൻ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലേ എന്ന് ചോദിച്ചു.
രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ ‘മൂവ്മെന്റിസ്റ്റുകൾ’ എന്ന് വിളിച്ചത് പ്രധാനമന്ത്രി മോദിയാണ്. കർഷകർ വിദേശ ഫണ്ടിങ് സ്വീകരിക്കുന്നവരാണെന്ന് പറഞ്ഞത് യു.പി മുഖ്യമന്ത്രിയാണ്. കർഷകരെ നക്സലുകളെന്നും ഭീകരരെന്നും വഞ്ചകരെന്നും വിളിച്ചത് ബി.ജെ.പി മന്ത്രിമാരും നേതാക്കളുമാണ്. നടുറോഡിൽ കമ്പിവേലികളും സിമന്റ് മതിലുകളും കെട്ടി അവരെ വഴിയിൽ തടഞ്ഞവരാണവർ. ലാത്തികൊണ്ട് കർഷകർക്കുമേൽ ആക്രമണം നടത്തി. 750 കർഷകർ ജീവത്യാഗം ചെയ്തു. അവർക്ക് അന്ത്യോപചാരം അർപ്പിക്കുന്നതും നഷ്ടപരിഹാരം നൽകുന്നതും പോകട്ടെ, രക്തസാക്ഷികളായ കർഷകർക്കുവേണ്ടി പാർലമെന്റിൽ ഒരു മിനിറ്റ് മൗനാചരണം പോലും നടത്തിയില്ല. 1.48 ലക്ഷം കർഷകർ ഇപ്പോഴും തങ്ങൾക്കെതിരെ കർഷക സമരകാലത്ത് എടുത്ത കേസുകളോട് പോരാടുകയാണ്. ഇത്രയൊക്കെ ചെയ്ത മോദി സർക്കാറിന് മാധ്യമപ്രവർത്തകരെയും കർഷക നേതാക്കളെയും ഭീഷണിപ്പെടുത്തുകയെന്നത് വലിയ കാര്യമൊന്നുമല്ല. രാജ്യത്ത് ജനാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന തങ്ങൾ ഇനിയും അനുവദിക്കില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വെളിപ്പെടുത്തൽ കേന്ദ്ര സർക്കാറിന്റെ യഥാർഥ മുഖം വ്യക്തമാക്കുന്നതാണെന്ന് സുപ്രിയ ഷ്റിനാറ്റെ ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമെന്ന് തനിക്ക് തോന്നുന്ന നടപടിയിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനും ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും കേന്ദ്ര സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടുവെന്ന് ഇലോൺ മസ്ക് തന്നെ വെളിപ്പെടുത്തിയതാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.