ന്യൂഡൽഹി: ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്ര സർക്കാരിന് മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മൻമോഹൻ സിങും. കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ഒാൺലൈൻ യോഗത്തിലാണ് സോണിയയും മൻമോഹനും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പി ചിദംബരം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മോദി സർക്കാരിന് വ്യക്തതയില്ലെന്നും സർക്കാരിെൻറ മുന്നിൽ യാതൊരു പദ്ധതികളുമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിമാർക്ക് അടുത്ത ഘട്ടത്തിൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്ന നിർദേശമാണ് മൻമോഹൻ സിങ് മുന്നോട്ട് വെച്ചത്. സാമ്പത്തികാശ്വാസ പാക്കേജുകൾ മുന്നോട്ട് വെക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ പി. ചിദംബരവും രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു.
ചെറുകിട വ്യവസായ സംരംഭങ്ങൾ നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള മാർഗം ആലോചിക്കണമെന്നാണ് ചത്തിസ്ഗഡ് മുഖ്യമന്ത്രി മുന്നോട്ട് വച്ച ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും ആശ്വാസ പാക്കേജുകൾ ലഭിക്കാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.