ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം ബി.ജെ.പി രാഷ്ട്രീയപരിപാടിയാക്കി മാറ്റിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച് കോൺഗ്രസ്. ശങ്കരാചാര്യൻമാർ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിമർശനം ശക്തമാക്കിയത്. ഈ വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമാക്കിയാണ് ബി.ജെ.പി പണിപൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനചടങ്ങ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
ജ്യോതിർ മഠാധിപതിയായ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ പ്രസ്താവന മുൻനിർത്തിയായിരുന്നു കോൺഗ്രസ് വിമർശനം. മതപരമായ ചടങ്ങുകൾ അനുസരിച്ചല്ല രാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകർ എങ്ങനെയാണ് ഞാനും എന്റെ ദൈവവും തമ്മിലുള്ള ഇടനിലക്കാരനാവുകയെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷ്ഠാദിനത്തിന് ശേഷം അയോധ്യയിൽ കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷണം ലഭിച്ചിട്ടാണോ ആരെങ്കിലും അമ്പലത്തിലും പള്ളിയിലും പോവുന്നത്. ഒരു പ്രത്യേക ദിവസത്തിൽ ഒരു വിഭാഗം ജനങ്ങൾ മാത്രം ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് നിശ്ചയിക്കാൻ ആർക്കാണ് അധികാരം. ഒരു രാഷ്ട്രീയപാർട്ടിയാണോ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇതിൽ ധർമമില്ല, രാഷ്ട്രീയം മാത്രമാണ് ഉള്ളത്. രാമനവമി ദിനത്തിൽ പ്രതിഷ്ഠദിനം നടത്തണമെന്നാണ് മതനേതാക്കളുടെ ആഗ്രഹം. ശാസ്ത്രവിധി അനുസരിച്ച് ചടങ്ങുകൾ നടത്താത്തതിനാലാണ് ശങ്കരാചാര്യൻമാർ പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ യു.പി ഘടകം ജനുവരി 15ന് ക്ഷേത്രത്തിൽ സന്ദർശനം നടത്തുമെന്ന് പാർട്ടി നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.