കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന്

ന്യൂഡൽഹി: പുതിയ കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണ് നേരത്തേ നിശ്ചയിച്ചതിനേക്കാൾ ഏതാനും ആഴ്ചകൾ വൈകിയുള്ള പുതിയ സമയക്രമം തീരുമാനിച്ചത്. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു തൊട്ടുപിറകെ ചേർന്ന വിഡിയോ കോൺഫറൻസ് അരമണിക്കൂർ മാത്രമാണ് നീണ്ടത്. ജി-23 ഗ്രൂപ്പിൽപെട്ട ആനന്ദ് ശർമയും പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം 22ന് പുറത്തിറക്കും. 24 മുതൽ 30 വരെ നാമനിർദേശ പത്രിക സ്വീകരിക്കും. ഒക്ടോബർ ഒന്നിന് സൂക്ഷ്മ പരിശോധന. എട്ടു വരെ പിൻവലിക്കാനുള്ള സമയം. ഒന്നിൽ കൂടുതൽ പേർ പത്രിക നൽകിയാൽ ഒക്ടോബർ 17ന് വോട്ടെടുപ്പ്. വോട്ടെണ്ണൽ 19ന്. ഒരാൾ മാത്രമാണ് പത്രിക നൽകുന്നതെങ്കിൽ പത്രിക സമർപ്പണ സമയം തീരുന്ന 30ന് തന്നെ പുതിയ പ്രസിഡന്‍റ് ആരെന്ന് ഉറപ്പിക്കാം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിദേശത്തു നിന്നാണ് വിഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. സോണിയയുടെ ചികിത്സക്കു വേണ്ടിയാണ് വിദേശയാത്ര. ഗുലാം നബിയുടെ രാജി യോഗം ചർച്ച ചെയ്തില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

2017 മുതൽ 2019 വരെ രാഹുൽ ഗാന്ധി പദവി വഹിച്ച തൊഴിച്ചാൽ 1998 മുതൽ സോണിയ ഗാന്ധിയാണ് പ്രസിഡന്‍റ്. ഈ മാസം 21നും അടുത്ത മാസം 20നുമിടയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ സമയക്രമം ഏകകണ്ഠമായി അംഗീകരിച്ചതായി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വക്താവ് ജയ്റാം രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2000ലാണ് കോൺഗ്രസിൽ ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് നടന്നത്. 

Tags:    
News Summary - Congress president election on October 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.