രാജ്യസഭ സമവാക്യങ്ങളിൽ 'ആപ്' അട്ടിമറി; കോൺഗ്രസിന്‍റെ പ്രതിപക്ഷ നേതൃസ്ഥാനം ഭീഷണിയിൽ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രത്യാഘാതമുണ്ടാക്കിയ പഞ്ചാബിലെ ആപ് മുന്നേറ്റം രാജ്യസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ അട്ടിമറിച്ചു. പ്രതിപക്ഷവും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന രാജ്യസഭയിൽ ഇരുകൂട്ടർക്കുമിടയിൽ ആം ആദ്മി പാർട്ടി വേറിട്ട ശക്തിയായി മാറുകയാണ്. പഞ്ചാബിലെയും അതുവഴി രാജ്യസഭയിലെയും ആപ്പിന്‍റെ വളർച്ച കോൺഗ്രസിന്‍റെ പ്രതിപക്ഷ നേതൃസ്ഥാനം ഭീഷണിയിലാക്കുമെന്ന് മാത്രമല്ല, കോൺഗ്രസിതര പ്രതിപക്ഷ ഐക്യത്തിലൂടെ മൂന്നാം മുന്നണിക്ക് ശ്രമിക്കുന്ന പ്രാദേശിക പാർട്ടികൾക്കും പ്രതിബന്ധമായിത്തീരും.

പഞ്ചാബിൽ നിന്ന് ആകെയുള്ള ഏഴ് രാജ്യസഭ അംഗങ്ങളിൽ അടുത്തമാസം കാലാവധി അവസാനിക്കുന്ന അഞ്ചു പേരുടെ ഒഴിവിലേക്ക് ഈ മാസം 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകൾക്കൊപ്പമാണ് ഈ തെരഞ്ഞെടുപ്പും നടക്കുക. അവശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാലാവധി ജൂലൈയിലും തീരുന്നതോടെ പഞ്ചാബിലെ ഈ ഏഴ് സീറ്റുകളും 92 എം.എൽ.എമാരുള്ള ആം ആദ്മി പാർട്ടിയുടേതായി മാറും. നിലവിൽ കോൺഗ്രസിനെ പോലെ മൂന്ന് രാജ്യസഭ എം.പിമാരുള്ള പഞ്ചാബിലെ ശിരോമണി അകാലിദളിന് രാജ്യസഭയിൽ ഒരു അംഗം പോലുമില്ലാതാകും. പഞ്ചാബിൽ നിന്നുള്ള ഏക ബി.ജെ.പി എം.പിയുടെ സീറ്റും ആപ്പിന് കിട്ടും.

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേടിയ വൻ വിജയത്തിനു ശേഷവും പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരാരും അരവിന്ദ് കെജ്രിവാളിനെയോ ആപ്പിനെയോ അഭിനന്ദിക്കാൻ തിരക്ക് കാണിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യസഭയിൽ മറ്റു പ്രതിപക്ഷകക്ഷികളിൽ നിന്ന് ഭിന്നമായ നിലപാടുകളാണ് വിവാദമായ പല വിഷയങ്ങളിലും ആപ് എടുത്തിട്ടുള്ളത്. രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാരെ സസ്‍പെൻഡ് ചെയ്തതിനെതിരെ ഗാന്ധിപ്രതിമക്ക് മുന്നിൽ പ്രതിപക്ഷം നടത്തിയ സമരത്തിൽ ആം ആദ്മി പാർട്ടി പങ്കാളിയായില്ല. നടപടിക്ക് ആധാരമായ രാജ്യസഭ ബഹളത്തിനും കൈയാങ്കളിക്കും മുന്നിലുണ്ടായിരുന്നത് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ആയിരുന്നു.

ജമ്മു- കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് 370ാം വകുപ്പ് റദ്ദാക്കിയ മോദി സർക്കാറിന്‍റെ നടപടിയെ മായാവതിയുടെ ബി.എസ്.പിയെ പോലെ ആം ആദ്മി പാർട്ടിയും പിന്തുണക്കുകയാണ് ചെയ്തത്. പഞ്ചാബിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ ഇല്ലാതാകുന്ന കോൺഗ്രസിന് അസമിൽ നിന്നുള്ള രണ്ടും ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒന്നും സീറ്റുകൾ ഇതിനകം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിൽ ഇത് എട്ടാകുന്നതോടെ കോൺഗ്രസിന്‍റെ അംഗബലം 34ൽ നിന്ന് 26ലെത്തും. ഇത് ലോക്സഭയിലേതു പോലെ രാജ്യസഭയിൽ കോൺഗ്രസിന്‍റെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഭീഷണിയാകും.

ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട മായാവതിയുടെ വിശ്വസ്തനായ ബ്രാഹ്മണ നേതാവ് സതീശ് ചന്ദ്ര മിശ്രയും അദ്ദേഹത്തിന്‍റെ സഹചാരി അശോക് സിദ്ധാർഥും കാലാവധി കഴിഞ്ഞു പോകുന്ന മുറക്ക് ബി.എസ്.പിക്ക് ഇനി രാജ്യസഭയിൽ ഒരേ ഒരു എം.പി മാത്രമായി മാറും.

Tags:    
News Summary - Congress opposition leadership threatened in Rajyasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.