ന്യൂഡൽഹി: ജി20 കൂട്ടായ്മയുടെ നേതൃത്വം ഇന്ത്യക്കു ലഭിച്ചത് മോദിസർക്കാർ അസാധാരണമായി കൊണ്ടാടുന്നതിൽ ആശ്ചര്യം പ്രകടിപ്പിച്ച് കോൺഗ്രസ്. ജി20 അധ്യക്ഷസ്ഥാനം ഊഴമിട്ട് ഓരോ രാജ്യത്തിനും കിട്ടുന്നതാണ്. അതിലെ അംഗരാജ്യങ്ങളിൽ ഒന്നിനും കിട്ടാതെ പോവുകയുമില്ല. എന്നിരിക്കെ, എന്തിനാണ് വലിയ ആഘോഷനാടകം? -കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.
മുമ്പ് നേതൃസ്ഥാനം കിട്ടിയ രാജ്യങ്ങളെ നയിക്കുന്നവരൊന്നും മോദിസർക്കാറിനെപ്പോലെ പെരുമാറുന്നില്ല. ഒരു വർഷത്തേക്കാണ് അധ്യക്ഷപദവി. യു.എസ്, യു.കെ, കാനഡ, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, മെക്സികോ, റഷ്യ, ആസ്ട്രേലിയ, തുർക്കിയ, ചൈന, ജർമനി, അർജന്റീന, ജപ്പാൻ, സൗദി അറേബ്യ, ഇറ്റലി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ നേരത്തേ ജി20 അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കാട്ടിക്കൂട്ടുന്ന നാടകമൊന്നും അവിടങ്ങളിൽ ഉണ്ടായിട്ടില്ല.
മോദി നല്ലൊരു സ്റ്റേജ് മാനേജരാണ്. 2014 ഏപ്രിൽ അഞ്ചിന് എൽ.കെ. അദ്വാനി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് ഓർമിക്കേണ്ട സന്ദർഭമാണിതെന്നും ജയറാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.