ഡല്‍ഹിയിലെ ചേരിനിവാസികൾ രണ്ടാംതരം പൗരൻമാരല്ല; ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍ വേ ട്രാക്കിന് സമീപത്തെ 48000 ത്തോളം ചേരികള്‍ ഒഴിപ്പിക്കാനുള്ള ഉത്തവിനെതിരെ ഹരജിയുമായി കോൺഗ്രസ്​ സുപ്രീം കോടതിയിൽ. ചേരി നിവാസികൾക്ക്​ പറയാനുള്ളത്​​ കേൾക്കാതെയാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചതെന്ന്​ കോണ്‍ഗ്രസ്​ നേതാവ് അജയ് മാക്കന്‍ ഹരജിയിൽ ചൂണ്ടികാണിച്ചു. ഉത്തരവ്​ നടപ്പാക്കിയാൽ രണ്ടര ലക്ഷം ആളുകൾ പെരുവഴിയിലാകുമെന്ന്​ ഹരജിയിൽ പറയുന്നു.

'ചേരികള്‍ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധി റെയില്‍വേ മന്ത്രാലയവും ഡല്‍ഹി സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല. മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതിയില്ലാതെ ചേരി ഒഴിപ്പിക്കാനാകില്ല' -ഹരജിയിൽ പറയുന്നു. ചേരിനിവാസിയായ കൈലാശ്​ പണ്ഡിറ്റിനൊപ്പമാണ്​ അജയ്​ മാക്കൻ ഹരജി നൽകിയത്​.

ഡല്‍ഹി റെയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ മുൻ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന അന്തിമ ഉത്തരവ് പുറത്തുവന്നത് സെപ്തംബര്‍ മൂന്നിനാണ്​. റെയില്‍വേ ട്രാക്കിന്​ സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഒരു കോടതിയും സ്​റ്റേ നൽകരുതെന്നും അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചിരുന്നു.

ചേരി നിവാസികൾ രണ്ടാം തരം പൗരൻമാരല്ലെന്നും അവരുടെ ഭരണഘടനാവകാശങ്ങൾ തടയരുതെന്നും ഹരജിയിൽ പറയുന്നു. ചേരി ഒഴിപ്പിക്കൽ നടപടിയിൽ മറ്റു കോടതികളുടെ ഇടപെടൽ തടയുന്നത്​ നിയമപരമായ പരിഹാരങ്ങൾ തേടാനുള്ള ചേരിനിവാസികളുടെ അവകാശം തടയുന്നതാണെന്നും ഹരജിയിൽ ഉന്നയിക്കുന്നു.

 ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും ബി.ജെ.പിയെയും പരാതിയില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

അതേസമയം, ചേരി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. 

Tags:    
News Summary - Congress Moves Top Court Against Slum Demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.