ന്യൂഡൽഹി: മോദി സർക്കാറിന്റെ 12 വർഷം വലിയ പ്രഖ്യാപനങ്ങളും വാർത്തകളും മാത്രമാണ് ഉണ്ടായതെന്നും ജന ജീവിതത്തിൽ യാതൊരു ഗുണപരമായ മാറ്റവും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ്. മോദി സർക്കാറിന്റെ ‘വാഗ്ദാനങ്ങളും യാഥാർഥ്യവും’എന്ന പേരിൽ എ.ഐ.സി.സി ഗവേഷണ വിഭാഗം തയാറാക്കിയ 75 പേജുള്ള റിപ്പോർട്ട് പാർട്ടി പുറത്തുവിട്ടു.
സ്ത്രീകൾക്ക് വിറകടുപ്പിന്റെ പുകയിൽനിന്നും മോചനം വാഗ്ദാനം ചെയ്യുകയും 12 സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സർക്കാറാണ് അത് നാലായി കുറച്ചതെന്ന് എ.ഐ.സി.സി റിസർച് ഡിപ്പാർട്ട്മെന്റ് തലവൻ പ്രഫ. രാജീവ് ഗൗഡ പറഞ്ഞു. ഇന്ത്യയെ ആഗോള തൊഴിൽ കേന്ദ്രമാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഇന്ന് പത്തിൽ നാല് ബിരുദധാരികളും തൊഴിലില്ലാത്തവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
നഗരങ്ങളിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 18.4 ശതമാനമാണ്. ആഗോള ലിംഗ വ്യത്യാസ സൂചികയിൽ ഇന്ത്യ 108ാം സ്ഥാനത്തുനിന്ന് 131ലേക്ക് പിന്തള്ളപ്പെട്ടു. ചെറുകിട-ഇടത്തരം വ്യവസായങ്ങളിൽപെട്ട 40,000 സ്ഥാപനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പൂട്ടിയത്.
നോട്ടുനിരോധനം വരുത്തിവെച്ച തകർച്ച ഇപ്പോഴും തുടരുകയാണ്. ജനാധിപത്യം ശക്തിപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന രാജ്യത്ത് 6.5 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും റിപ്പോർട്ടിൽ വിശദീകരിച്ചു.
2014നുശേഷം പാചകവാതക വിലയിൽ 123 ശതമാനത്തിന്റെ വർധനവാണുണ്ടായത്. പെട്രോളിന് 44 ശതമാനവും ഡീസലിന് 73 ശതമാനവും പാലിന് 71 ശതമാനവും പരിപ്പുവർഗങ്ങൾക്ക് 84 ശതമാനവും വില വർധിച്ചുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.