കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

കാൺപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ സിവിൽ ലൈൻസ് ഏരിയയിലെ വസതിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൻമോഹൻസിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1944 സെപ്തംബർ 25ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൺപൂർ മേയറായി ചുമതലയേറ്റു. കാൺപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1999, 2004, 2009) ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജയ്സ്വാൾ. മൻമോഹൻ സിങ്‌ മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രി പദവിയും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു.

ഹൈക്കമാന്‍റിന്റെ വിശ്വസ്തനായിരുന്ന ജയ്‌സ്വാൾ 1989-ൽ കാൺപുർ മേയറായാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ജയ്സ്വാൾ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

ജയ്സ്വാളിന്റെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു. "കാൺപൂരിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച വിശ്വസ്തനായ കോൺഗ്രസുകാരൻ" എന്നാണ് മല്ലികാർജുൻ ഖാർഗെ ജയ്‌സ്വാളിനെ അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജയ്‌സ്വാളിന്റെ ആത്മാവിനും കുടുംബത്തിനും ശക്തി നൽകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, ഉത്തർപ്രദേശ് കോൺഗ്രസ് മേധാവി അജയ് റായ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പ്രമോദ് തിവാരി തുടങ്ങിയ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

Tags:    
News Summary - Congress leader and former Union Minister Shri Prakash Jaiswal passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.