ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര ക്ഷാമം ഉണ്ടാകുമെന്ന വിവരം മാസങ്ങൾക്കുമുമ്പ് തന്നെ ലഭിച്ചിരുന്നിട്ടും കേന്ദ്ര സർക്കാർ സമയോചിതമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് കോൺഗ്രസ്. ഇതുമൂലം ഉത്സവകാലത്ത് പഞ്ചസാര വില കുത്തനെ ഉയരുകയും പൂഴ്ത്തിവെപ്പുകാർക്കും കരിഞ്ചന്തക്കാരനും വൻലാഭം ലഭിക്കുകയുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചു.
വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ഏപ്രിൽ മാസത്തിൽ തന്നെ പഞ്ചസാര ക്ഷാമം ഉണ്ടാകുമെന്ന് സർക്കാരിന് അറിയാമായിരുന്നുവെന്നും എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നതിനാൽ പഞ്ചസാരയുടെ വില കിലോഗ്രാമിന് 40 രൂപയിൽ നിന്ന് ഓഗസ്റ്റോടെ 75 രൂപയായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ പ്രതിമാസം ശരാശരി 24 ലക്ഷം ടൺ പഞ്ചസാരയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ദസറ, ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ മാസങ്ങളിൽ രാജ്യത്തെ പഞ്ചസാര ഉപഭോഗം പ്രതിമാസം 30 ലക്ഷം ടണ്ണായി ഉയരുമെന്ന് ചൂണ്ടിക്കാട്ടിയ സുർജേവാല, ഈ കാലയളവിൽ ജനങ്ങൾ കിലോഗ്രാമിന് കുറഞ്ഞത് 30 രൂപ അധികമായി നൽകേണ്ടിവരുന്നതായും ആരോപിച്ചു.
ഉത്സവക്കാലത്ത് ഉപയോഗിക്കുന്ന 1.2 കോടി ടൺ പഞ്ചസാരയുടെ അടിസ്ഥാനത്തിൽ ഏകദേശം 36,000 കോടി രൂപയുടെ അധികഭാരം ജനങ്ങൾക്ക് മേൽ ചുമത്തപ്പെടുകയും അതിന്റെ നേട്ടം പൂഴ്ത്തിവെപ്പുകാർക്ക് ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു ദശലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം വൈകിയ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. ബ്രസീലിൽ നിന്ന് പഞ്ചസാര എത്താനും ശുദ്ധീകരിച്ച് വിപണിയിലെത്തിക്കാനും രണ്ടുമാസത്തിലേറെ സമയം വേണ്ടിവരുമെന്നും അതിനാൽ ഉത്സവകാല ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന പൊതുവിതരണ സംവിധാനത്തിലൂടെ കുടുംബാംഗം ഒരാൾക്ക് 500 ഗ്രാം പഞ്ചസാര സബ്സിഡി നിരക്കിൽ നൽകുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2017-ൽ ഈ പദ്ധതി അവസാനിപ്പിച്ചതിന് ശേഷമാണ് പഞ്ചസാര വിലവർധന സാധാരണക്കാരെ കൂടുതൽ ബാധിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.
കരിമ്പ് ഉൽപാദനത്തിന്റെ വലിയൊരു വിഹിതം ഇ20 എഥനോൾ കലർന്ന ഇന്ധന നിർമ്മാണത്തിനായി ഉപയോഗിച്ചതും പഞ്ചസാര ലഭ്യത കുറയാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്ക് വിലക്കയറ്റത്തിന്റെ അധികഭാരം സൃഷ്ടിക്കുന്നുവെന്നും സുർജേവാല വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.