ന്യൂഡൽഹി: സുപ്രീംകോടതിയിലേക്കും ഹൈകോടതിയിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനത്തിൽ മുസ്‌ലിം ഉൾപ്പെടെയുള്ള ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന കടുത്ത പ്രാതിനിധ്യക്കുറവ് തുറന്നുകാട്ടി കണക്കുകൾ. ബാറിൽ നിന്ന് നേരിട്ട് ഹൈകോടതി ജഡ്ജിമാരായി ഉയർത്തപ്പെടുന്ന അഭിഭാഷകരിൽ മുസ്‌ലിം പ്രാതിനിധ്യം അതീവ പരിതാപകരമാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. ഷംഷാദ് എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ 14 ഹൈകോടതികളിൽ ബാറിൽ നിന്ന് നേരിട്ട് നിയമിതരായ 232 ജഡ്ജിമാരിൽ ഒരു മുസ്‌ലിം ജഡ്ജി പോലും നിലവിലില്ല. ഡൽഹി ഹൈകോടതിയിൽ ബാറിൽ നിന്നുള്ള 32 ജഡ്ജിമാരിലും കൊൽക്കത്ത ഹൈകോടതിയിലെ 39 ജഡ്ജിമാരിലും ഒരാൾ പോലും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരല്ല. അലഹബാദിൽ 77-ൽ 4 പേരും, ബോംബെയിൽ 59-ൽ 3 പേരും, കേരളത്തിൽ 25-ൽ 3 പേരും, മദ്രാസിൽ 43-ൽ 3 പേരും മാത്രമാണ് ബാറിൽ നിന്നുള്ള മുസ്‌ലിം ജഡ്ജിമാർ. പാട്ന (31), തെലങ്കാന (22), രാജസ്ഥാൻ (26), ഗുവാഹത്തി (15) ഹൈകോടതികളിൽ ഓരോരുത്തർ മാത്രമാണ് ഈ വിഭാഗത്തിൽ നിന്നുള്ളത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്മീർ & ലഡാക്ക് ഹൈകോടതിയിൽ ബാറിൽ നിന്നുള്ള 6 ജഡ്ജിമാരിൽ 2 പേർ മാത്രമാണ് മുസ്‌ലിങ്ങൾ.
ജഡ്ജിമാരുടെ പേരുകൾ നിർദ്ദേശിക്കുന്ന കൊളീജിയം സംവിധാനത്തിന്റെ തുടക്കത്തിൽ തന്നെ സാമൂഹിക വൈവിധ്യം ഉറപ്പാക്കാൻ മുതിർന്ന ജഡ്ജിമാർ മുൻകൈയെടുക്കണമെന്ന് ലേഖനം ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പേരുകൾ കേന്ദ്ര സർക്കാർ തലത്തിൽ തടഞ്ഞുവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന പ്രവണത നിലനിൽക്കുന്നതിനാൽ, കൂടുതൽ പേരുകൾ നിർദ്ദേശിക്കുകയാണ് കൊളീജിയം ചെയ്യേണ്ടത്. ഭരണഘടനാ കോടതികളിൽ പ്രഗത്ഭരായ അഭിഭാഷകരുടെ കുറവില്ലാതിരുന്നിട്ടും ഉയർന്ന ബെഞ്ചുകളിൽ വൈവിധ്യം ഉറപ്പാക്കാതിരിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ലേഖനം ഓർമിപ്പിക്കുന്നു.
ജുഡീഷ്യൽ സർവീസിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച് വരുന്ന (സർവീസ് ക്വാട്ട) ജഡ്ജിമാരുടെ കാര്യത്തിലും സമാനമായ പ്രാതിനിധ്യക്കുറവ് ദൃശ്യമാണ്. രാജ്യത്തെ 10 ഹൈകോടതികളിൽ സർവീസ് ക്വാട്ടയിലൂടെ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ ഒരു മുസ്‌ലിം ജഡ്ജി പോലും നിലവിലില്ല. വിരമിക്കൽ പ്രായം അടുത്തുവരുന്ന സാഹചര്യത്തിൽ ഈ ക്വാട്ടയിലൂടെ എത്തുന്ന പലർക്കും ഹൈകോടതികളിൽ ചുരുങ്ങിയ കാലയളവ് മാത്രമേ സേവനമനുഷ്ഠിക്കാൻ സാധിക്കുന്നുള്ളൂ. ബാറിൽ നിന്നുള്ള നിയമനങ്ങളാണ് സുപ്രീംകോടതിയിലേക്കുള്ള പ്രവേശനത്തിനും ഹൈകോടതി ചീഫ് ജസ്റ്റിസ് പദവികളിലേക്കുമുള്ള സ്വാഭാവിക വഴിയെന്നിരിക്കെ, തുടക്കത്തിൽ തന്നെയുള്ള ഈ വിവേചനം ഉയർന്ന നീതിന്യായ നേതൃത്വത്തിൽ നിന്നുള്ള ന്യൂനപക്ഷങ്ങളുടെ പൂർണമായ അദൃശ്യതയ്ക്ക് കാരണമാകുന്നുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും നിലനിർത്താൻ കൊളീജിയം സ്വയം തിരുത്തലുകൾക്ക് തയ്യാറാകണമെന്നാണ് പ്രധാന നിർദ്ദേശം. സമർത്ഥരും സത്യസന്ധരുമായ ന്യൂനപക്ഷ-പിന്നാക്ക വിഭാഗ അഭിഭാഷകരെ സ്വമേധയാ കണ്ടെത്തി അവരുടെ പേരുകൾ കേന്ദ്ര സർക്കാരിലേക്ക് ശുപാർശ ചെയ്യാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള കൊളീജിയം അംഗങ്ങൾ ശക്തമായ ഇച്ഛാശക്തി കാട്ടണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തടസ്സവാദങ്ങളെ മറിടകടക്കാൻ പേരുകൾ വീണ്ടും ആവർത്തിച്ച് അയക്കാനും, ബാറിലെ വൈവിധ്യം ഉറപ്പുവരുത്താനും കൊളീജിയം തയ്യാറാകാത്തിടത്തോളം കാലം ഉന്നത നീതിന്യായ രംഗത്തെ ഈ സാമൂഹിക അസന്തുലിതാവസ്ഥ ഒരു തീരാക്കറയായി തുടരുമെന്നും ലേഖനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.