നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ; നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ 34-ാമത് ബിരുദദാന ചടങ്ങ് റദ്ദാക്കി

ബംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ (എൻ.എൽ.എസ്.ഐ.യു) 34-ാമത് വാർഷിക ബിരുദദാന ചടങ്ങ് റദ്ദാക്കിയതായി ബംഗളൂരു എൻ.എൽ.എസ്.ഐ.യു പ്രഖ്യാപിച്ചു. അനിവാര്യമായ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സെപ്റ്റംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന വാർഷിക ബിരുദദാന ചടങ്ങ് റദ്ദാക്കിയത്. സർവ്വകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ബിരുദം നേടുന്ന എല്ലാ വിദ്യാർഥികൾക്കും 'ഇൻ ആബ്സെൻഷ്യ' (നേരിട്ട് പങ്കെടുക്കാതെ) ആയിരിക്കും ബിരുദങ്ങൾ സമ്മാനിക്കുക.

സ്വർണ്ണ മെഡലുകൾ അർഹരായവർക്ക് തപാൽ വഴി അയച്ചുനൽകുകയോ അല്ലെങ്കിൽ ക്യാമ്പസിൽ നിന്ന് നേരിട്ട് ശേഖരിക്കുകയോ ചെയ്യേണ്ടതാണെന്ന്  വൈസ് ചാൻസലർ ഡോ. സുധീർ കൃഷ്ണസ്വാമി വ്യക്തമാക്കി. പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും ഒഴിവാക്കാനാകാത്ത ചില കാരണങ്ങൾ കൊണ്ടാണ് ചടങ്ങ് നടത്താൻ കഴിയാത്തതെന്ന് രജിസ്ട്രാറുടെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിരുദധാരികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ കൊറിയർ വഴി അയച്ചുനൽകുമെന്നും അല്ലെങ്കിൽ നേരിട്ട് ക്യാമ്പസിൽ എത്തി കൈപ്പറ്റാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 3ന് വാർഷിക ബിരുദദാന ചടങ്ങിന്റെ തീയതി സെപ്റ്റംബർ 12നായിരിക്കുമെന്ന് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വിഭാഗം വിദ്യാർഥികൾക്ക് മുൻകൂട്ടി ഇമെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ കാരണം ചടങ്ങ് മാറ്റിവെക്കാൻ നിർബന്ധിതരായി എന്ന് സർവ്വകലാശാലയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഭരണസമിതികളുടെ ഔദ്യോഗിക അനുമതിക്ക് വിധേയമായി ബിരുദങ്ങൾ നൽകുന്നതിനുള്ള മറ്റ് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ താൽപര്യമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനായുള്ള പുതിയ ഫോമും നടപടിക്രമങ്ങളും പങ്കുവെക്കുമെന്നും സർവ്വകലാശാല വ്യക്തമാക്കിയിരുന്നു.

അതേസമയം, എൻ.എൽ.എസ്.ഐ.യു-വിന്റെ 2026-ലെ ബിരുദ ബാച്ചും 120ലധികം പൂർവ്വ വിദ്യാർഥികളും ചേർന്ന് ആഗസ്റ്റ് 15-ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. ഹൈദരാബാദ് നാൽസാർ (NALSAR) സർവ്വകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ ബാർ കൗൺസിൽ സ്വീകരിച്ചിരുന്നതും പിന്നീട് പിൻവലിച്ചതുമായ നടപടിയെ ഇവർ ശക്തമായി അപലപിച്ചിരുന്നു. നാൽസാർ വിദ്യാർഥികളേടടും അധ്യാപകരോടും ബി.സി.ഐ നിരുപാധികം മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നാൽസാറിന്റെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകുന്നതിനെതിരെയും, എൻ.എൽ.എസ്.ഐ.യു-വിന്റെ വരാനിരിക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസും ബാർ കൗൺസിൽ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്രയും പങ്കെടുക്കുന്നതിലുള്ള തങ്ങളുടെ 'വിയോജിപ്പ്' ഈ കത്തിലൂടെ വിദ്യാർഥികൾ രേഖപ്പെടുത്തിയിരുന്നു. 

Tags:    
News Summary - National Law School to not hold convocation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.