നേപ്പാൾ പ്രളയത്തിൽ ഇഷാ യോഗ സെന്ററിൽനിന്ന് പോയ 80 പേരെ കാണാനില്ല; കണ്ണീരോടെ ജഗ്ഗി വാസുദേവ്

കോയമ്പത്തൂർ/കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നിന്നും തീർത്ഥാടനത്തിന് പോയ 80 പേരെ കാണാനില്ല. 46 സ്ത്രീകളെയും 34 പുരുഷന്മാരെയുമാണ് കാണാതായത്.  21 സംഘങ്ങളാണ് കൈലാസ പർവതത്തിലേക്ക് തീർഥയാത്ര പോയതെന്ന് ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് അറിയിച്ചു. ഇതിൽ 495 പേർ സുരക്ഷിതമായി തിരിച്ചെത്തിയതായും ഇഷാ ഫൗണ്ടേഷൻ അറിയിച്ചു.

കാണാതായവരിൽ ഇന്ത്യക്കാർ ആരുമില്ല. 22 അമേരിക്കൻ പൗരൻമാരും 12 കാനഡക്കാരും 11 ആസ്ട്രേലിയക്കാരും മറ്റുവിവിധ രാജ്യങ്ങളിൽനിന്നുള്ള 50 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് വളണ്ടിയർമാരും ഒരു ഡോക്ടറും ഉണ്ടായിരുന്നു. ഇവരെ കുറിച്ചും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

ആകെ 21 സംഘങ്ങളാണ് കൈലാസ തീർത്ഥയാത്രക്ക് ഇഷാ ഫൗണ്ടേഷനിൽ നിന്നും യാത്രയായത്. അതിൽ 495 പേർ സുരക്ഷിതമായി തിരിച്ചെത്തി. 743 പേർ ഇപ്പോൾ ടിബറ്റിൽ ഉണ്ട്. 148 പേരാണ് നേപ്പാളിൽ ഉള്ളത്. ഇതിൽ 80 പേരെ കുറിച്ചാണ് യാതൊരു വിവരവുമില്ലെന്ന് ഇഷ ഫൗണ്ടേഷൻ അറിയിച്ചത്. ജഗ്ഗി വാസുദേവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ എക്സിലൂടെ പുറത്തുവിട്ടത്. പിന്നാലെ ഫൗണ്ടേഷന്റെ ഔദ്യോഗിക കണക്കുകളും വിശദീകരണവും പുറത്തുവിട്ടു.

തനിക്കും വളന്റിയർമാർക്കും പ്രളയമുണ്ടായ സ്ഥലത്തക്ക് പോകാൻ അനുമതി നൽകണമെന്ന് കണ്ണീരോടെ ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടു.  കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തങ്ങളുടെ കൂടി പിന്തുണ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാറിന് നൽകിയ കത്തിൽ അറിയിച്ചു. 

അതിനി​ടെ, മിന്നൽ പ്രളയത്തിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എംബസികളിൽനിന്നുള്ള വിവരം അനുസരിച്ച് ഇവർ എല്ലാവരും സുരക്ഷിതരാണ്. ദുരന്തമേഖലയിൽ നെറ്റ്‌വർക്ക് സംവിധാനങ്ങൾ പൂർണമായി തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളാണ് നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. കുടുങ്ങിക്കിടക്കുന്ന 53 മലയാളികളുടെയും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനുള്ള തീവ്രശ്രമം നോർക്കയുടെയും എംബസിയുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.

ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 53 പേരും സുരക്ഷിതരാണെന്നാണ് സൂചന. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൈലാസ മാനസസരോവർ യാത്രക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഓഫിസ് അറിയിച്ചിരുന്നു.

വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കണം. ഫോൺ: 944 7111844, 9747132147. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

ദുരന്തം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതമാണ് അറിയിക്കേണ്ടത്.

അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫിസറേയും ചുമതലപ്പെടുത്തി.

Tags:    
News Summary - 80 Isha Foundation members were lost in flash floods Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.