നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട മല്ലിനാഥിന്റെ വിഡിയോ കോൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളെ കാണിക്കുന്നു
ബംഗളൂരു: നേപ്പാൾ പ്രളയ ദുരന്തത്തിൽ നിന്ന് കർണാടക കലബുറുഗിയിലെ മല്ലിനാഥും കുടുംബവും രക്ഷപ്പെട്ടത് വെറും 10 മിനിറ്റ് വ്യത്യാസത്തിൽ. അതിജീവനത്തിന്റെ സന്തോഷം മല്ലിനാഥ് വ്യാഴാഴ്ച മൊബൈൽ ഫോൺ വീഡിയോ കോളിലൂടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി പങ്കുവെച്ചു.
‘‘സർ, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഞങ്ങൾ അതിജീവിച്ച് തിരിച്ചുവന്നിട്ടുണ്ടെങ്കിൽ, അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ഞങ്ങൾക്ക് 10 മിനിറ്റ് മുന്നിലുണ്ടായിരുന്ന രണ്ട് ബസുകൾ കാണാനില്ല’’ -മല്ലിനാഥ് ശിവകുമാറിനോട് പറഞ്ഞു.
കാണാതായ രണ്ട് ബസുകളിൽ കർണാടക സ്വദേശികൾ ആരെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ആ ബസുകളിൽ യാത്ര ചെയ്ത എല്ലാ വിനോദസഞ്ചാരികളും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്ന് മല്ലിനാഥ് മറുപടി നൽകി. കാഠ്മണ്ഡുവിലെത്തിയ ശേഷം മറ്റേതെങ്കിലും കന്നഡിഗരെ കണ്ടോ എന്ന് ശിവകുമാർ മല്ലിനാഥിനോട് ചോദിച്ചു.
മൂന്ന് ദിവസമായി താൻ കാഠ്മണ്ഡുവിൽ താമസിച്ചിരുന്നെങ്കിലും കർണാടകയിൽ നിന്നുള്ള ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മല്ലിനാഥിനോട് സുരക്ഷിതരായിരിക്കാനും തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കാര്യം ഓർമിപ്പിച്ചുകൊണ്ട്, ഉപദേശം പാലിക്കുമെന്ന് മല്ലിനാഥ് പ്രതികരിച്ചു.
മറ്റൊരു രാഷ്ട്രീയ പാർട്ടിക്കാരനായിട്ടും ശിവകുമാറിന്റെ സമീപനത്തെ താൻ അഭിനന്ദിക്കുന്നുവെന്ന് മല്ലിനാഥ് പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ, കർണാടകയിൽ നിന്നുള്ള എല്ലാവരും കന്നഡിഗരായി ഒരുമിച്ച് നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്ന നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന കർണാടകയിൽ നിന്നുള്ള 17 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കർണാടകയിൽ നിന്ന് നിരവധി പേർ നേപ്പാളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ചിലരുടെ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റു പലരുടെയും സ്ഥാനം അജ്ഞാതമായി തുടരുകയാണെന്നും ശിവകുമാർ വ്യക്തമാക്കി.
‘ഞങ്ങൾ 24 മണിക്കൂറും ജോലി ചെയ്യുന്നു. ചില വ്യക്തികളുടെ പ്രത്യേക വിവരങ്ങൾ ലഭ്യമല്ല. അവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടും. ചിലർ ബന്ധപ്പെടുകയും അവരുടെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്യുന്നു’ -ശിവകുമാർ അറിയിച്ചു.
കർണാടക സർക്കാർ ന്യൂഡൽഹിയിലെയും ബംഗളൂരുവിലെയും കർണാടക ഭവനിലൂടെ രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കൽ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രിമാരുമായി സമ്പർക്കം പുലർത്തുന്നുണ്ട്..
വിദേശത്ത് സംസ്ഥാനത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ല. കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ നാട്ടിലേക്ക് കൊണ്ടുവരാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കും. അവരെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.