ജെ.ഡി(യു) വോട്ടുകളെല്ലാം പോകുന്നത് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക്, നിതീഷ് കുമാർ വെറും റിമോർട്ട് കൺട്രോൾ മുഖ്യമന്ത്രി; എൻ.ഡി.എയുടെ പരിഹാസത്തിന് ശക്തമായി തിരിച്ചടിച്ച് കോൺഗ്രസ്

പട്ന: എൻ.ഡി.എയുടെ പരിഹാസത്തിന് ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ഇൻഡ്യ സഖ്യം. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു)നേതാവുമായ നിതീഷ് കുമാറിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് മറുപടി നൽകിയത്. ജെ.ഡി(യു)ന് ലഭിക്കുന്ന വോട്ടുകൾ ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റാവുകയെന്നും നിതീഷ് കുമാർ വെറും റിമോട്ട് കൺട്രോൾ മുഖ്യമന്ത്രിയാണെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ വിമർശനം.

നിതീഷ് കുമാറിനും ബി.ജെ.പിക്കും വിട പറയാനൊരുങ്ങുകയാണ് ബിഹാർ. വ്യക്തമായ ഭൂരിപക്ഷത്തിൽ മഹാഗഡ്ബന്ധൻ വിജയിക്കുന്നതിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. താഴെ തട്ടിലുള്ള ജനങ്ങൾ വളരെ നിരാശരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും എന്തൊക്കെ പറഞ്ഞാലും ബിഹാറിൽ മഹാഗഡ്ബന്ധൻ അധികാരത്തിൽ വരും.-ജയ്റാം രമേശ് പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിനുള്ളിൽ ഭിന്നതയുണ്ടെന്നായിരുന്നു എൻ.ഡി.എയുടെ അവകാശവാദം. അതിനും ജയ്റാം രമേശ് മറുപടി നൽകി.​''അവർ മഹാഗഡ്ബന്ധനെയും അതിന്റെ ഭരണഘടനയെയും പുച്ഛിച്ചുതള്ളുകയാണ്. എന്നാൽ നിതീഷ് കുമാറിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് ബിഹാർ ജനതക്ക് അറിയാം. നിതീഷ് കുമാർ തീർത്തും ഒരു റിമോട്ട് കൺട്രോൾ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഒരു അധികാരവുമില്ല. റിമോട്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്''-ജയ്റാം രമേശ് പറഞ്ഞു.

മഹാഗഡ്ബന്ധനിൽ സീറ്റ് വിഭജനം പൂർത്തിയാകാത്തതിൽ എൻ.ഡി.എ വിശർശനം ഉന്നയിച്ചിരുന്നു. മഹാഗഡ്ബന്ധനിലെ അനിശ്ചിതത്വം എൻ.ഡി.എക്ക് 225 സീറ്റ് എളുപ്പം കിട്ടാൻ വഴിയൊരുക്കുമെന്നായിരുന്നു എൽ.​ജെ.പി എം.പി ശാംഭവി ചൗധരി പറഞ്ഞത്.

''മഹാഗഡ്ബന്ധൻ ആശയക്കുഴപ്പത്തിൽ കുടുങ്ങിയതായി തോന്നുന്നു. സ്വന്തം സഖ്യത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഒരു പാർട്ടി ബിഹാറിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാനാണ്? ഈ സാഹചര്യത്തിൽ ഉറപ്പായും എൻ.ഡി.എ ശക്തമായ സർക്കാർ രൂപവത്കരിക്കും എന്നതിൽ ഒരു സംശയുവുമില്ല​''-ശാംഭവി ചൗധരി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നതിൽ പോലും മഹാഗഡ്ബന്ധന് സമവായത്തിലെത്താൻ സാധിച്ചിട്ടില്ല എന്നായിരുന്നു എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാന്റെ പരിഹാസം. അവരുടെ അണികൾക്കു പോലെ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ധൈര്യമില്ല. ആഭ്യന്തര തലത്തിൽ തന്നെ ഒരുപാട് പ്രശ്നങ്ങളുള്ള ഒരു സഖ്യത്തിന് ഒരിക്കലും ബിഹാറിൽ നിലനിൽക്കാൻ സാധിക്കില്ലെന്നും പാസ്വാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress hits back at NDA jibes against Mahagathbandhan ahead of Bihar elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.