ജയ്പൂർ: കോൺഗ്രസിനും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വാഗ്ദാനം ചെയ്തതും തുടങ്ങിയതുമായ വികസന പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിൽ രാഹുൽ ഗാന്ധിയും അദ്ദേഹം സഖ്യത്തിനു ക്ഷണിക്കുന്ന മുഖ്യമന്ത്രിമാരും പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യയെ വികസിത രാജ്യമായി ഉയർത്തുന്നതിൽ കോൺഗ്രസ് പാരാജയപ്പെട്ടുവെന്നും അമിത് ഷാ വിമർശിച്ചു. രാജസ്ഥാനിലെ രാജസമാന്ത് ജില്ലയിൽ ബി.ജെ.പിയുടെ പ്രചരണപരിപാടിയായ രാജസ്ഥാൻ ഗൗരവ് യാത്രയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കഴിഞ്ഞ നാലു വർഷങ്ങളായി ബി.ജെ.പി എന്തുചെയ്തുവെന്നാണ് കോൺഗ്രസ് ചോദിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തതെന്നാണ് രാഹുൽ ഗാന്ധിയോടും അദ്ദേഹത്തിെൻറ പാർട്ടിയിലുള്ള മുഖ്യമന്ത്രിമാരോടും തിരിച്ചു ചോദിക്കാനുള്ളത്. രാഹുൽ നിങ്ങൾക്ക് എണ്ണാൻ അറിയുമെങ്കിൽ എണ്ണി തുടങ്ങിക്കോളൂ, ബി.ജെ.പി സർക്കാർ എന്തെല്ലാമാണ് പൊതുജനങ്ങൾക്ക് വേണ്ടി ചെയ്തതെന്ന് ഇറ്റാലിയൻ ഭാഷ അറിയുമെങ്കിൽ ആ ഭാഷയിൽ കൂടി പറയുമായിരുന്നു. രാജസ്ഥാനിൽ മാത്രം ബി.ജെ.പി 116 പദ്ധതികളാണ് നടപ്പാക്കിയത്’’- അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി രാജസ്ഥാെൻറ വികസനത്തിനായി മുഖ്യമന്ത്രി വസുന്ധര രാജെ അഹോരാത്രം പ്രയത്നിക്കുകയാണ്. രാജസ്ഥാനിൽ അവരുടെ സർക്കാർ എന്തെല്ലാം വികസനപ്രവർത്തനങ്ങൾ നടത്തിയെന്നതിനെ കുറിച്ച് സംസാരിക്കാനുള്ള ധൈര്യവും അവർ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസം പൗരത്വപ്പട്ടികയെ കോൺഗ്രസ് എതിർക്കുന്നതിനെയും അമിത് ഷാ വിമർശിച്ചു. വർഷങ്ങളായി ബംഗ്ലാദേശ് പൗരൻമാരുടെ അനധികൃത കുടിയേറ്റത്തിൽ നിന്നുള്ള വിഷമങ്ങൾ അനുഭവിച്ചുവരികയാണ്. കോൺഗ്രസ് സർക്കാറിന് അതിന് തടയിടാൻ കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ കേന്ദ്രസർക്കാർ അനധികൃത കുടിയേറ്റം തടയാൻ അസം പൗരത്വപ്പട്ടിക നടപ്പിലാക്കാൻ ഉത്തരവിട്ടു. എന്നാൽ കോൺഗ്രസ് അതിന് തടയിടുകയാണെന്നും പ്രതിഷേധിക്കുകയാണെന്നും ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.