കൊൽക്കത്ത: കൊൽക്കത്തയിലെ ആനന്ദപൂർ പ്രദേശത്തെ ഡ്രൈ ഫുഡ് ഗോഡൗണിൽ വൻ തീപിടിത്തം. ആറ് പേർ ഗോഡൗണിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകളായി തീ ആളിപ്പടരുകയാണ്. ഇതുവരെ അഗ്നിശമന സേനാംഗങ്ങൾക്ക് പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. തീ അണക്കാൻ പന്ത്രണ്ട് ഫയർ എഞ്ചിനുകൾ വിന്യസിച്ചിട്ടുണ്ട്.
നസീറാബാദിൽ സ്ഥിതി ചെയ്യുന്ന വെയർഹൗസിൽ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളും ശീതളപാനീയങ്ങളുമാണ് പ്രധാനമായും സൂക്ഷിച്ചിരുന്നത്. തീപിടിത്തം ഉണ്ടായി ഏഴ് മണിക്കൂർ കഴിഞ്ഞിട്ടും തീയുടെ തീവ്രത കുറഞ്ഞിട്ടില്ലെന്ന് സിയാസത് റിപ്പോർട്ട് ചെയ്യുന്നു. നിരവധി തൊഴിലാളികൾ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അവർ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പുലർച്ചെ മൂന്ന് മണിയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അകത്തു കുടുങ്ങിക്കിടക്കുന്നു എന്ന് സംശയിക്കപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ സ്ഥിരീകരിക്കാൻ അവർ വിസമ്മതിച്ചു. തീ അണച്ചതിനുശേഷം മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
'എന്റെ മരുമകൻ വെയർഹൗസിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ അവൻ എന്നെ വിളിച്ച് 'എന്നെ രക്ഷിക്കൂ' എന്ന് പറഞ്ഞു. ഞങ്ങൾ ഇവിടേക്ക് ഓടി, പക്ഷേ ആരെയും കണ്ടെത്താനായില്ല. തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്, അത് അണക്കുന്നതുവരെ ഒന്നും സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു' -കാണാതായ തൊഴിലാളികളിൽ ഒരാളുടെ ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തങ്ങളുടെ മൂന്ന് സഹപ്രവർത്തകർ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാരൻ പറഞ്ഞു. അവസാനമായി അവരോട് സംസാരിച്ചപ്പോൾ, രക്ഷപ്പെടാൻ ഒരു ഭിത്തി തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു. അതിനുശേഷം, ബന്ധപ്പെടാനായില്ല എന്നാണ് ജീവനക്കാർ പറയുന്നത്. ആറ് തൊഴിലാളികൾ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെന്നും എല്ലാവരെയും കാണാതായി എന്നാണ് മറ്റൊരു സ്രോതസ് അവകാശപ്പെട്ടത്.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ വിലയിരുത്താനായിട്ടില്ല. ഗോഡൗണിന് പിന്നിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലെ ആളുകളെ ഉടൻ ഒഴിപ്പിച്ചതായി ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.