ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫിസിന്റെ രണ്ടാം നിലയിൽ തീപിടിത്തം. ഡൽഹിയിലെ ഐടിഒ ഏരിയയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (എസ്പിഎ) കാമ്പസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലാണ് ഇന്ന് തീപ്പിടിച്ചത്. സംഭവം ആശങ്കാജനകവും സംശയാസ്പദവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യച്ചോർച്ചയുടെയും പരീക്ഷാ ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് കോൺഗ്രസ് വിമർശനം.
‘വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫിസുകളിൽ തീപിടുത്തമുണ്ടായെന്ന വാർത്ത വളരെ ആശങ്കാജനകമാണ്. ഇത് ഏറെ സംശയാസ്പദവുമാണ്’ -സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് പറഞ്ഞു.
ഇന്ന് രാവിലെ 9.37നാണ് ഡൽഹി ഫയർ സർവിസിൽ തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ എട്ട് ഫയർ എൻജിനുകൾ സ്ഥലത്തേക്ക് അയച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ, വികാസ് മാർഗിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഫിസിൽ തീപിടുത്തമുണ്ടായെന്നായിരുന്നു ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) പ്രസ്താവന. പിന്നീട് ഡൽഹിയിലെ ഐടിഒയ്ക്ക് സമീപമുള്ള സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിലാണ് (എസ്പിഎ) തീപിടുത്തമെന്ന് ഡി.എഫ്.എസ് തിരുത്തി.
“ന്യൂഡൽഹിയിലെ ഡോ. രാജേന്ദ്ര പ്രസാദ് റോഡിലെ കർത്തവ്യ ഭവൻ -2 ൽ സ്ഥിതി ചെയ്യുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം, തീപിടിത്തം ഉണ്ടായത് ന്യൂഡൽഹിയിലെ ഐടിഒയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിന്റെ (എസ്പിഎ) പരിസരത്താണ്” -വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “അഗ്നിബാധയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഈ വിശദീകരണം നൽകുന്നത്. നിസ്സാര സംഭവമായിരുന്നു. പെട്ടെന്ന് തന്നെ നീ നിയന്ത്രണവിധേയമാക്കി. ജീവഹാനിയോ സ്വത്തോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല” -പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്സിലൂടെ ആരോപിച്ചു. ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തി ഒരു പ്രത്യേക കമ്പനിക്ക് കരാർ ഒപ്പിച്ചു നൽകാൻ സി.ബി.എസ്.ഇ ഒത്തുകളിച്ചതായാണ് ആരോപണം. ഝാർഖണ്ഡിൽ നിന്നുള്ള സാർത്ഥക് സിദ്ധാന്ത് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി സെൻട്രൽ പബ്ലിക്പ്രൊക്യുർമെന്റ് പോർട്ടലിലെ രേഖകൾ പരിശോധിച്ച് പുറത്തുവിട്ട വിവരങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കരാർ ലഭിച്ച 'കോഎംപ്റ്റ്' (COEMPT) എന്ന കമ്പനി മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘സി.ബി.എസ്.ഇ യുടെ മേയ് 2025ലെ ടെണ്ടർ പ്രകാരം ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച്, 300 ഡി.പി.ഐ (DPI) വ്യക്തതയിൽ വേണമായിരുന്നു ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ. എന്നാൽ ആഗസ്റ്റിൽ പുറത്തിറക്കിയ പുതുക്കിയ ടെണ്ടറിൽ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിക്കപ്പെട്ടു. സ്കാനറുകളുടെ നിലവാരം കുറക്കുകയും വ്യക്തത 200 ഡി.പി.ഐ ആയി നിശ്ചയിക്കുകയും ചെയ്തു’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പരീക്ഷാ പേപ്പറുകളിലെ അവ്യക്തതയും പേജുകൾ നഷ്ടപ്പെട്ടതുമെല്ലാം വെറുമൊരു സാങ്കേതിക പിഴവല്ലെന്നും, ഒരു പ്രത്യേക വെണ്ടർക്ക് വേണ്ടി ടെണ്ടർ വ്യവസ്ഥകൾ മാറ്റിയെഴുതിയതിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ചാണ് പന്താടിയതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമെതിരെ മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അതിനിടെ, നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. രാഷ്ട്രീയ പരിഹാസ സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.
സർക്കാറിൽ നിന്ന് മറുപടി ആവശ്യപ്പെടാനുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കണമെന്ന് ദീപ്കെ പറഞ്ഞു. ജൂൺ 6ന് രാവിലെ താൻ ഡൽഹിയിൽ എത്തിയ ശേഷം ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും തന്നോടൊപ്പം പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും ദീപ്കെ അഭ്യർഥിച്ചു.
ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് നീറ്റ്-യുജി 2026 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ദീപ്കെ, മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ നിരന്തരം വിമർശനങ്ങളുമായി രംഗത്തെത്തിയത്. റദ്ദാക്കിയ പരീക്ഷ ഇപ്പോൾ 2026 ജൂൺ 21-ന് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.