ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിന്റെ മാധ്യമ കവറേജിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തതിൽ ബി.ജെ.പിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു.
ഭരണകക്ഷിയായ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് സമൂഹമാധ്യമ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രഫസറിനെതിരായ പൊലീസ് നടപടിയും മധ്യപ്രദേശ് മന്ത്രിക്കെതിരായ മെല്ലെപ്പോക്ക് അന്വേഷണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലിരിക്കുന്നവർ മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിച്ചതിന് ശേഷവും സ്വതന്ത്രരാണെന്നും സത്യം പറഞ്ഞവരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പോസ്റ്റിൽ ആരോപിച്ചു.
ചോദ്യങ്ങളെ ഭയപ്പെടുന്ന സർക്കാർ സ്വന്തം ജനങ്ങളെ ഭയപ്പെടുന്നുവെന്ന് പവൻ ഖേര ആരോപിച്ചു. എഴുത്തുകാർ, പ്രൊഫസർമാർ, വിമർശകർ എന്നിവരെ ശത്രുക്കളായി മുദ്രകുത്തുന്ന അവരുടെ യഥാർത്ഥ ശത്രു ജനാധിപത്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലി ഖാന്‍റെ ഒരു തെറ്റ് അദ്ദേഹം ഈ പോസ്റ്റ് എഴുതിയതാണ്. മറ്റൊരു തെറ്റ് അദ്ദേഹത്തിന്റെ പേരാണ് എന്നും കൂട്ടിച്ചേർത്തു.
'ഒരു ചരിത്രകാരനെയും അക്കാദമിക് വിദഗ്ദ്ധനെയും ജയിലിലടച്ചത് അക്രമത്തിന് പ്രേരിപ്പിച്ചതിനല്ല, മറിച്ച് അതിനെതിരെ വാദിച്ചതിനാണ്. അയാൾ ചെയ്ത കുറ്റകൃത്യം എന്താണ്? അധികാരികളോട് സത്യം പറയാൻ ധൈര്യപ്പെട്ടതും, ബി.ജെ.പിയുടെ വർഗീയ ആഖ്യാനത്തെ തുറന്നുകാട്ടിയതുമാണ്. അതേസമയം, സായുധ സേനയെ പരസ്യമായി അപമാനിച്ചതിന് ബിജെപി മന്ത്രിക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എഫ്.ഐ.ആറുകളില്ല. അറസ്റ്റുകളില്ല. അതാണ് മോദിയുടെ ഭരണത്തിന്റെ ഇരട്ടത്താപ്പ്'- എന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ രണ്ട് എഫ്.ഐ.ആറുകളാണ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെതിരെ രജിസ്റ്റർ ചെയ്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുക, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ നടത്തുക, മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ.
‘ഒടുവിൽ കേണൽ സോഫിയ ഖുറൈഷിയെ പ്രശംസിക്കുന്ന നിരവധി വലതുപക്ഷ കമന്റേറ്റർമാരെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരുപക്ഷേ അവർക്ക് ആൾക്കൂട്ട കൊലപാതകങ്ങളുടെയും ഏകപക്ഷീയമായ ബുൾഡോസിങ്ങിന്റെയും ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണത്തിന്റെയും ഇരകളായ മറ്റുള്ളവരെയും ഇന്ത്യൻ പൗരന്മാരായി സംരക്ഷിക്കണമെന്ന് ഉച്ചത്തിൽ ആവശ്യപ്പെടാനും കഴിയും. രണ്ട് വനിതാ സൈനികർ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രധാനമാണ്. പക്ഷേ, അവ യാഥാർഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടണം. അല്ലാത്തപക്ഷം അത് വെറും ‘കാപട്യം’ മാത്രമാണ്’ എന്നായിരുന്നു അലി ഖാൻ എഴുതിയത്.
ഹരിയാന സംസ്ഥാന വനിത കമീഷൻ അദ്ദേഹത്തിനെതിരെ ‘ഇന്ത്യൻ സായുധ സേനയിലെ വനിത ഉദ്യോഗസ്ഥരെ അവഹേളിക്കുകയും സാമുദായിക അനൈക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ആരോപിച്ചു. മേയ് 23 നകം അവരുടെ മുമ്പാകെ ഹാജരാകാത്തപക്ഷം ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, തന്റെ അഭിപ്രായങ്ങൾ മനഃപൂർവം വളച്ചൊടിക്കുകയാണെന്ന് മഹ്മൂദാബാദ് മറുപടി നൽകി.
എന്നാൽ, ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അറസ്റ്റിനുപിന്നാലെ പ്രശസ്തരായ അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ 1,100ലധികം പേർ സമൻസ് പിൻവലിക്കണമെന്നും കമീഷൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിവേദനത്തിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.