പശ്ചിമ ബംഗാളിൽ മമതയുടെ ഔദാര്യം വേണ്ടെന്ന് കോൺഗ്രസ്; കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് ടി.എം.സി

കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ഇൻഡ്യ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത്. പശ്ചിമ ബംഗാളിലെ സീറ്റുകൾ സംബന്ധിച്ചാണ് തൃണമൂൽ കോൺഗ്രസും കോൺഗ്രസും പരസ്പരം പോരടിക്കുന്നത്.

പശ്ചിമ ബംഗാളിൽ 42 ലോക്സഭ സീറ്റുകളിൽ വെറും രണ്ട് സീറ്റ് വെച്ചുനീട്ടി മുഖ്യമന്ത്രി മമത ബാനർജി വിലപേശുകയാണെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. തന്റെ പാർട്ടിക്ക് മമതയുടെ കാരുണ്യം വേണ്ടെന്നും സ്വന്തംനിലക്ക് തന്നെ കൂടുതൽസീറ്റിൽ വിജയിക്കുമെന്നും ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

''മമത ബാനർജിയുടെ യഥാർഥ ഉദ്ദേശ്യം പുറത്തുവന്നിരിക്കുന്നു. പശ്ചിമ ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് തരാമെന്നാണ് അവരുടെ വാഗ്ദാനം. ആ സീറ്റുകളിൽ നിലവിൽ രണ്ട് കോൺഗ്രസ് എം.പിമാരുണ്ട്. പിന്നെ പുതുതായി എന്താണ് അവർ ഞങ്ങൾക്ക് നൽകുന്നത്. മമത ബാനർജിയെയും ബി.ജെ.പിയും തോൽപിച്ചാണ് ആ രണ്ട് സീറ്റുകൾ ഞങ്ങൾ നേടിയത്. അതിൽ പിന്നെ എന്താനുകൂല്യമാണ് അവർ ഞങ്ങൾക്ക് നൽകുന്നത്.''-ചൗധരി ചോദിച്ചു.

ആരാണ് മമതയെ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് വിജയിക്കുന്നത് എന്നത് മമതയുടെ ആവശ്യമാണോ? കോൺഗ്രസ് പോരാടും. സ്വന്തം നിലക്ക് തന്നെ കുറെ സീറ്റുകളിൽ വിജയിക്കാൻ സാധിക്കും. അത് ഞങ്ങൾ കാണിച്ചുതരാം. മമതയുടെ ഔദാര്യത്തിലുള്ള ഈ രണ്ട് സീറ്റുകൾ ഞങ്ങൾക്ക് വേണ്ട.-ചൗധരി പറഞ്ഞു.

അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തുവന്നു.

അധീർ രഞ്ജൻ ചൗധരി ബി.ജെ.പിക്കാരനെ പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു ടി.എം.സി നേതാവ് കുനാൽ​ ഘോഷിന്റെ ആരോപണം. 2021ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.എം.സി ഒറ്റക്കാണ് മത്സരിച്ചത്. എന്നാൽ അധീർ ചൗധരിയുടെ പാർട്ടി സി.പി.എമ്മുമായി സഖ്യമുണ്ടാക്കി. എന്നിട്ടും വലിയ നേട്ടമൊന്നുമുണ്ടായില്ല. ഇപ്പോൾ എന്താണ് അദ്ദേഹം പറയുന്നത്. ബി.ജെ.പിക്കെതിരെ പോരാടാൻ ടി.എം.സിക്ക് ആരുടെയും സഹായം ആവശ്യമില്ല. എന്നാൽ ഇൻഡ്യ സഖ്യവുമായി പൂർണമായി സഹകരിക്കാൻ ഞങ്ങളുടെ നേതാവ് മമത ബാനർജി തയാറാണ്. എന്നാൽ കോൺഗ്രസിന്റെത് ഇരട്ടത്താപ്പാണ്.-എന്നായിരുന്നു ഘോഷിന്റെ മറുപടി.

ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.എം.സി ഒറ്റക്ക് മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ മാസം മമത സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ടി.എം.സിക്ക് മാത്രമേ ബി.ജെ.പിയെ പാഠം പഠിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. പശ്ചിമബംഗാളിൽ 42 ലോക്സഭ സീറ്റുകളാണുള്ളത്. 2019ൽ ബി.ജെ.പി 18സീറ്റുകളിൽ വിജയിച്ചു. എന്നാൽ 2021ൽ നിയമസഭ തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയമായിരുന്ന ബി.ജെ.പിയെ കാത്തിരുന്നത്.

Tags:    
News Summary - Congress attacks Mamata Banerjee over 2 seats offer; TMC claims ‘double game’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.