'ഒത്തുതീർപ്പ്' ആക്കിയാലും ലൈംഗികാതിക്രമ കേസ് അവസാനിപ്പിക്കാൻ പറ്റില്ല - സുപ്രീംകോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ അധ്യാപകന് രാജസ്ഥാൻ ഹൈകോടതി നൽകിയ ഒത്തുതീർപ്പ് അനുമതി സുപ്രീംകോടതി റദ്ദാക്കി. ഒത്തുതീർപ്പുണ്ടായാൽ ബലാത്സംഗക്കേസുകൾ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) 482 പ്രകാരം പ്രതിയും അതിജീവിതയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈകോടതിക്ക് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാമോ എന്ന വിഷയമാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടി. എഫ്.ഐ.ആറും ക്രിമിനൽ നടപടികളും നിയമാനുസൃതമായി തുടരാൻ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
ഗംഗാപൂർ സർക്കാർ സ്കൂൾ അധ്യാപകനെതിരെ 2022ലാണ് പോക്സോ, പട്ടിക ജാതി-പട്ടിക വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, പ്രതിയും പെൺകുട്ടിയുടെ വീട്ടുകാരും തമ്മിൽ കേസ് ഒത്തുതീർപ്പിലെത്തി കേസ് റദ്ദാക്കാൻ വിചാരണ കോടതിയെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. വിഷയം ഹൈകോടതിയിലെത്തിയതോടെ കേസ് റദ്ദാക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.