ഖ്വാജ മൊയിനുദ്ദീൻ ചിശ്​തിയെ കള്ളൻ എന്ന്​ വിളിച്ചു; ചാനൽ അവതാരകനെതിരെ എഫ്​.​െഎ.ആർ

ന്യൂഡൽഹി: അജ്​മീറിലെ സൂഫി വര്യൻ ഖ്വാജ മൊയിനുദ്ദീൻ ചിശ്​തിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്​ ന്യൂസ്​ 18 വാർത്താ അവതാരകൻ അമിഷ്​ ദേവഗ്​ണെതിരെ എഫ്​.​െഎ.ആർ. ഒരു ചർച്ചക്കിടെ ചിശ്​തിയെ അമിഷ്​ ദേവ്​ഗൺ ‘കള്ളൻ’ എന്ന്​ വിളിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. വൈകാതെ റാസ അക്കാദമി പൊലീസിൽ പരാതി നൽകുകയും ചെയ്​തു. അവതാരകനെതിരെ ക്രിമിനൽ കുറ്റത്തിന്​ കേസെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 

‘മുസ്​ലിം സമുദായത്തിനെതിരെ വർഗീയപരമായ ഉദ്ദേശ്യത്തോടെയാണ്​ അവതാരകൻ അത്തരമൊരു പരാമർശം നടത്തിയത്​. അജ്​മീർ ദർഗയിൽ മുസ്​ലിങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗക്കാരും ധാരാളമായി എത്താറുണ്ട്​. അവരുടെയെല്ലാം വികാരത്തെയാണ്​ അമിഷ്​ ദേവ്​ഗൺ മുറിപ്പെടുത്തിയത്​. -’ പരാതി നൽകിയശേഷം ദർഗ ഖാദി സെയ്​ദ്​ സർവാർ ചിശ്​തി പറഞ്ഞു. സംഭവത്തിന്​ പിന്നാലെ മാപ്പ്​ പറഞ്ഞുകൊണ്ട്​ അമിഷ്​ ദേവ്​ഗൺ രംഗത്തെത്തി. അബദ്ധം പറ്റിയതാണെന്നും ഖിൽജിയെ ഉദ്ദേശിച്ച താൻ അറിയാതെ ചിശ്​തി എന്ന്​ പറഞ്ഞുപോയതാണെന്നും അവതാരകൻ ട്വിറ്ററിൽ കുറിച്ചു. 

സൂഫി വര്യൻ മൊയീനുദ്ദീൻ ചിശ്​തിയെ പിന്തുടരുന്നവരുടെ വികാരം ​വ്രണപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോട്​ ക്ഷമിക്കണം. സൂഫി വര്യനായ ചിശ്​തിയുടെ അനുഗ്രഹം വാങ്ങാൻ താനും അജ്​മീർ ദർഗ സന്ദർശിച്ചിട്ടുണ്ടെന്നും അമിഷ്​ ദേവ്​ഗൺ കൂട്ടിച്ചേർത്തു. ചാനൽ ചർച്ചയിലെ പരാമർശത്തിന്​ പിന്നാലെ ട്വിറ്ററിൽ അവതാരകനെ അറസ്റ്റ്​ ചെയ്യണമെന്ന ഹാഷ്​ടാഗ്​ (#ArrestAmishDevgan) തരംഗമായിരുന്നു.

 

Tags:    
News Summary - Complaint filed against News18 anchor Amish Devgan for defaming sufi saint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.