ജംഇയ്യത് നേതാക്കൾക്കെതിരെ ഹിന്ദുസേന തലവന്റെ പരാതി

ന്യൂഡൽഹി: ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാക്കളായ മൗലാന മഹ്മൂദ് മദനിക്കും മൗലാന അർശദ് മദനിക്കും എതിരെ ഹിന്ദുസേന നേതാവ് വിഷ്ണുഗുപ്ത ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകി. ആദം നബി വന്ന ഇസ്‍ലാമിന്റെ ജന്മഭൂമിയാണ് ഇന്ത്യയെന്ന് പറഞ്ഞതും ‘അല്ലാഹു’വുമായി ‘ഓം’ താരതമ്യം ചെയ്തതും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. രാം ലീല മൈതാനിയിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദ് വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങളിലായിരുന്നു ഇരുവരുടെയും പരാമർശങ്ങൾ.

മുസ്‍ലിംകൾ വിദേശത്തുനിന്ന് വന്നവരല്ലെന്നും ഇസ്‍ലാമിലെ ആദ്യപ്രവാചകൻ ആദം നബി അവതരിച്ച ഇസ്‍ലാമിന്റെ ജന്മഭൂമിയാണ് ഇന്ത്യയെന്നും ജംഇയ്യത് ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന മഹ്മൂദ് തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ രാജ്യം എത്രത്തോളം നരേന്ദ്ര മോദിയുടേതും മോഹൻ ഭാഗവതിന്റേതുമാണോ അത്രത്തോളം തന്റേതുമാണെന്നും മദനി അഭിപ്രായപ്പെട്ടു.

താൻ അവരേക്കാൾ ഒരിഞ്ച് പിന്നിലല്ലെന്നും അവർ തന്നേക്കാൾ ഒരിഞ്ച് മുന്നിലല്ലെന്നും ജംഇയ്യത് നേതാവ് ഓർമിപ്പിച്ചു. രാമനും ബ്രഹ്മാവിനും ശിവനും മുമ്പ് ആരെയായിരുന്നു ആരാധിച്ചിരുന്നതെന്ന് ഹിന്ദു മതാചാര്യന്മാരോട് ചോദിച്ചപ്പോൾ ‘ഓം’ എന്നാണ് മറുപടി ലഭിച്ചത് അർശദ് മദനി പ്രസംഗിച്ചിരുന്നു. 

Tags:    
News Summary - Complaint against Muslim leader, his nephew for 'hurting religious sentiments'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.