ഗവർണർ ആനന്ദബോസിനെതിരെ വീണ്ടും പരാതിക്കാരി: രാജ്ഭവൻ ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്ന് വിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹരിക്കേണ്ടെന്ന നിർദേശത്തിനെതിരെ പരാതിക്കാരി രംഗത്ത്. രാജ്ഭവൻ ജീവനക്കാരെ ഗവർണർ ഭയപ്പെടുത്തുന്നുവെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി.

അന്വേഷണത്തോട് സഹകരിക്കരുതെന്നും സഹകരിച്ചാൽ ജോലി പോകുമെന്നും ഗവർണറും ഒ.എസ്.ഡിയും ജീവനക്കാരോട് പറയുന്നു. കുറ്റം ചെയ്തില്ലെങ്കിൽ എന്തുകൊണ്ട് അന്വേഷണത്തെ നേരിടുന്നില്ലെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരി ചൂണ്ടിക്കാട്ടി.

ഗവർണർക്കെതിരായ പീഡന പരാതി അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ എട്ടംഗ പ്രത്യേക സംഘത്തെയാണ് ബംഗാൾ സർക്കാർ നിയോഗിച്ചത്. ഇതിന് പിന്നാലെ അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹരിക്കേണ്ടെന്ന് ഗവർണർ കത്ത് മുഖേന നിർദേശം നൽകി.

ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിൽ പൊലീസിന്റെയും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെയും രാജ്ഭവൻ പ്രവേശനം വിലക്കിയും ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. അപകീർത്തികരവും ഭരണഘടന വിരുദ്ധവുമായ പ്രസ്താവനകൾ ഗവർണർക്കെതിരെ നടത്തിയ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവൻ പരിസരത്ത് കയറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഗവർണർ സി.വി. ആനന്ദ ബോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് രാജ്ഭവൻ ജീവനക്കാരി ആരോപിച്ചത്. മാർച്ച് 29നും മേയ് മൂന്നിനും തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന് ജീവനക്കാരി പരാതിയിൽ പറയുന്നു. ഗവർണർക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവന് ഉള്ളിൽവെച്ചാണ് ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും കൊൽക്കത്ത പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗവർണക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്നും തനിക്കെതിരായ അന്വേഷണം ഭരണഘടനയെ അവഹേളിക്കലാണെന്നും ആനന്ദബോസ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Complainant again against Governor Ananda Bose: Criticism of intimidating Raj Bhavan staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.