ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെക്കും എതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ നയം ‘കുടുംബത്തിനാൽ, കുടുംബത്തിനുവേണ്ടി’ എന്നതാണെന്നും തമിഴ്നാടിനെ കൊള്ളയടിക്കാൻ കുടുംബത്തിനുള്ളിൽ തന്നെ മത്സരം നടക്കുകയാണെന്നും മോദി ആരോപിച്ചു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തമിഴ്നാട്ടിൽ രണ്ട് കാര്യങ്ങൾ റെക്കോഡ് നിലവാരത്തിലെത്തി, ഒരു കുടുംബത്തിന്റെ സ്വത്തും സംസ്ഥാനത്തിന്റെ കടവും -മോദി പറഞ്ഞു. ‘ഡി.എം.കെയിലെ മുതിർന്ന കുടുംബം സമ്പന്നരാകുന്നു, അതേസമയം തമിഴ്‌നാട്ടിലെ ഓരോ വ്യക്തിയുടെയും കടം വർധിക്കുകയും ചെയ്യുന്നു. കുടുംബത്തിനാൽ, കുടുംബത്തിനുവേണ്ടി എന്നതാണ് ഡി.എം.കെയുടെ നയം. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഡൽഹിയിലെ ഒരു പ്രമുഖ എംപി എന്നിവരെല്ലാം ഒരേ കുടുംബത്തിൽ പെട്ടവരാണ്. സിനിമാ വ്യവസായവും മാധ്യമ സ്ഥാപനങ്ങളും പോലും ഈ ഒരു കുടുംബം നിയന്ത്രിക്കുന്നു. മുതിർന്ന ഡി.എം.കെ നേതാക്കൾ പോലും ആ കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങൾക്കായി വഴങ്ങേണ്ടിവരുന്നു’ -മോദി ആരോപിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകളെ കാണുമ്പോഴെല്ലാം കുടുംബത്തിനുള്ളിൽ ആരാണ് കൂടുതൽ കൊള്ളയടിക്കുക എന്നതിനെച്ചൊല്ലി ഒരു മത്സരം നടക്കുന്നുണ്ടെന്ന് അവർ എന്നോട് പറയും. മകനോ മരുമകനോ നയിക്കുന്ന രാഷ്ട്രീയമല്ല, ഭരണത്തിൽ കാഴ്ചപ്പാടാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മോദി പറഞ്ഞു.
കൂടാതെ, തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രം നൽകുന്ന സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, നികുതി, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ കേന്ദ്രം തമിഴ്‌നാടിന് 14 ലക്ഷം കോടിയിലധികം രൂപ നൽകി. കേന്ദ്രത്തിൽ കോൺഗ്രസ്-ഡി.എം.കെ ഭരണകാലത്ത് തമിഴ്നാടിന് നൽകിയ പിന്തുണയേക്കാൾ വളരെ കൂടുതലാണിതെന്നും മോദി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.