ന്യൂഡൽഹി:വർഗീയ കലാപങ്ങൾ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നടന്നത് ഉത്തൽപ്രദേശിലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയിൽ. 2017ൽ യു.പിയിൽ 195 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തതായി സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം ആഹിർ എഴുതിനൽകിയ ചോദ്യത്തിനുള്ള മറുപടിയായി സഭയിൽ പറഞ്ഞു. കർണാടകയിൽ 100, രാജസ്ഥാൻ 91, ബിഹാർ 85, മധ്യപ്രദേശ് 60 എന്നിങ്ങിനെ വർഗീയാക്രമണം ഉണ്ടായതായി മറുപടിയിൽ വ്യക്തമാക്കുന്നു. 2017ൽ രാജ്യത്താകെ 822 വർഗീയ സംഭവങ്ങളാണുണ്ടായത്. 2016ൽ ഇത് 703ഉം 2015ൽ 751ഉം ആയിരുന്നു.
2016ലും യു.പിയിലാണ് ഏറ്റവും കൂടുതൽ വർഗീയ അക്രമം ഉണ്ടായത്. 162 എണ്ണം. കർണാടക 101, മഹാരാഷ്ട്ര 68, ബിഹാർ 65, രാജസ്ഥാൻ 63. മതപരം, വസ്തു തർക്കം, സ്ത്രീകൾക്കെതിരായ അതിക്രമം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വർഗീയ സംഭവങ്ങൾ ഉണ്ടായതെന്നും മന്ത്രി ഹൻസ്രാജ് സഭയിൽ വിശദീകരിച്ചു.
കഴിഞ്ഞ 10 മാസത്തിനകം രാജ്യത്ത് 1680 കസ്റ്റഡി മരണങ്ങൾ ദേശീയ മനുഷ്യാവകാശ കമീഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ലോക്സഭയെ അറിയിച്ചു.
യു.പിയിൽ 365 കസ്റ്റഡി മരണങ്ങളാണുണ്ടായത്.127 എണ്ണം പശ്ചിമ ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര 118വീതം, മധ്യപ്രദേശ് 107, ബിഹാർ 102 എന്നിങ്ങിനെയാണ് കണക്കെന്നും ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു. ഇൗ കാലയളവിൽ 19 വ്യാജ ഏറ്റുമുട്ടൽ കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ആറെണ്ണം യു.പിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.