സർക്കാറിന്‍റെ ജേണലിസം സർവകലാശാലയിൽ ഗോശാല നിർമിക്കണമെന്ന്; കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ ഉപവാസം

ഭോപ്പാൽ: സർക്കാർ നടത്തുന്ന ജേണലിസം സർവകലാശാലക്കുള്ളിൽ പശുസംരക്ഷണ കേന്ദ്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ)യുടെ ഉപവാസം. മഖൻലാൽ ചതുർവേദി നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലാണ് എൻ.‌എസ്‌.യു‌.ഐ നിരാഹാരം സംഘടിപ്പിച്ചത്.

ആറാം സെമസ്റ്റർ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയും എൻ.‌എസ്‌.യു‌.ഐ സംസ്ഥാന സെക്രട്ടറിയുമായ അമൻ പത്താനാണ് ഉപവാസത്തിന് നേതൃത്വം നൽകിയത്. 'ഗോശാല നിർമാണത്തിനായി 2017ലാണ് ഭൂമി അനുവദിച്ചത്. വർഷങ്ങളായി ആ സ്ഥലം ഒഴിഞ്ഞുകിടക്കുകയാണ്. വാഗ്ദാനം ചെയ്തതുപോലെ നിർമിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. സർവകലാശാലക്ക് ഗോശാല നിർമിക്കാൻ കഴിയുന്നില്ലെങ്കിൽ, അവിടെ സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമിക്കണം' -എന്നാണ് അമൻ പത്താൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞത്.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹത്തോടെയാണ് പ്രതിഷേധം നടന്നതെന്ന് അമൻ പറഞ്ഞു. ഭോപ്പാൽ നോർത്ത് എം.എൽ.എ ആതിഫ് അക്വീൽ സമരക്കാരായ വിദ്യാർഥികളുമായി വിഡിയോ കോളിലൂടെ സംവദിച്ചു. ഗോശാലക്കുള്ള ആവശ്യം ന്യായമാണെന്നാണ് അദ്ദേഹത്തിന്‍റെയും വാദം. ഈ സംരംഭത്തിനായി ഒരു പശുവിനെ ദാനം ചെയ്യുമെന്നും എം.എൽ.എ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോശാല നിർമിക്കുന്നത് വിശ്വാസത്തിന്റെ മാത്രമല്ല, പരിസ്ഥിതി സംരക്ഷണം, കാരുണ്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുൻ മന്ത്രി പി.സി. ശർമയും പിന്തുണ അറിയിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്.

പ്രതിഷേധത്തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സർവകലാശാലയിലെ ജേണലിസം വിഭാഗം അമൻ പത്താന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പ്രതിഷേധം നടത്തുന്നതിനോ, അതിൽ പങ്കെടുക്കുന്നതിനോ മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കാൻ നോട്ടീസിൽ നിർദ്ദേശിച്ചു. അനുമതിയുടെ രേഖാമൂലമുള്ള തെളിവുകൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാനും നോട്ടീസിൽ വിദ്യാർഥിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Fast for cow shelter in a journalism university by Congress’s student wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.