സത്രീകളുടെ വസ്ത്രം അഴിക്കുന്നത് ബലാത്സംഗശ്രമം തന്നെയെന്ന് സുപ്രീംകോടതി; അലഹബാദ് ഹൈകോടതിയുടെ വിവാദ വിധി റദ്ദാക്കി

ന്യൂഡൽഹി: സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് ബലാത്സംഗശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന അലഹബാദ് ഹൈകോടതിയുടെ വിവാദ വിധി സുപ്രീംകോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തികൾ ബലാത്സംഗശ്രമമാണെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദ ഹൈകോടതി വിധി റദ്ദാക്കിയത്.

സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് ബലാത്സംഗശ്രമമല്ലെന്നും അപമാനം മാത്രമായി കാണാനേ കഴിയുകയുള്ളൂവെന്നുമാണ് അലഹബാദ് ഹൈകോടതിയുടെ ഉത്തരവിൽ പറയുന്നത്. 2025 മാർച്ച് 17നാണ് ഹൈകോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തെ തീവ്രത കുറഞ്ഞ കുറ്റകൃത്യമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഉത്തരവിൽ പരാമർശിക്കുകയുണ്ടായി.

എന്നാൽ, ഹൈകോടതി വിധിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. മുതിർന്ന അഭിഭാഷകയും 'വീ ദ വിമന്‍' എന്ന എന്‍.ജി.ഒയുടെ സ്ഥാപക പ്രസിഡന്‍റുമായ ശോഭ ഗുപ്ത നൽകിയ ഹരജിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം, ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ അനുകമ്പയും കരുണയും കാണിക്കണമെന്നും ജുഡീഷ‍്യൽ സംവിധാനത്തിൽ മാനുഷിക പരിഗണന അടങ്ങുന്ന മാർഗനിർദേശങ്ങൾ നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി ദേശീയ ജുഡീഷ‍്യൽ അക്കാദമി ഡയറക്ടർ ജസ്റ്റിസ് അനിരുദ്ധ ബോസിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Supreme Court says removing women's clothes is attempted rape; quashes Allahabad High Court's controversial verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.