ഹൈദരാബാദ്: തെലങ്കാന സർക്കാർ സർവീസിലെ മുസ്‍ലിം ജീവനക്കാർക്ക് റമദാനിൽ ജോലി സമയത്തിൽ ഇളവുമായ സംസ്ഥാന സർക്കാർ. റമദാൻ വ്രതമനുഷ്ഠിക്കുന്ന സർക്കാർ ജീവനക്കാർക്ക് നാല് മണിവരെയാണ് ജോലി സമയം നിശ്ചയിച്ചത്. വീടുകളിലെത്തി നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നിർദേശം.
സ്കൂൾ അധ്യാപകർ, സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, കരാർ ജീവനക്കാർ എന്നിവർക്ക് ഇളവ് ഉപയോഗപ്പെടുത്താമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ബോർഡുകൾ, കോർപറേഷൻ, പൊതു മേഖല തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, മുസ്‍ലിം ജീവനക്കാർക്ക് വ്രതമാസത്തിൽ ജോലിയിളവ് നൽകിയ കോൺഗ്രസ് സർക്കാറിന്റെ തീരുമാനം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി രംഗത്തെത്തി. വോട്ട് ബാങ്ക് രാഷ്ട്രീയ നാടകമാണ് കോൺഗ്രസിന്റേതെന്ന് ബി.ജെ.പി ആരോപിച്ചു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദു ഘോഷയാത്രകൾക്ക് നേരെ കല്ലെറിയപ്പെടുമ്പോൾ, തെലങ്കാനയിൽ മുസ്‍ലിം കോൺഗ്രസായി മാറുന്നതായും ബി.ജെ.പി വിമർശനമുന്നയിച്ചു.
റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് നൽകിയ ഇളവുകൾ എന്തുകൊണ്ട് ശബരിമല തീർത്ഥാടകരായ ഹൈന്ദവർക്ക് നൽകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എൻ.വി സുഭാഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.