ന്യൂഡൽഹി: ടൈംസ് നൗ നവഭാരത് ചാനലിൽ നവിക കുമാർ അവതാരകയായി നടത്തിയ പരിപാടി ഓൺലൈനിൽനിന്ന് പിൻവലിക്കണമെന്ന് നാഷനൽ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി ഉത്തരവ്. ഗർബ ആഘോഷങ്ങളെ സംബന്ധിച്ച് നടത്തിയ ഷോക്ക് വർഗീയ ചായ്വ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2022 സെപ്റ്റംബർ 29ന് സംപ്രേഷണം ചെയ്ത എപ്പിസോഡിന്റെ പേരിലാണ് 11 മാസത്തിന് ശേഷം നടപടിയെടുത്തത്. റിപ്പോർട്ടുകൾക്ക് വർഗീയ നിറം നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചാനലിന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഷോ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ളതും സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് ടെക് എത്തിക്സ് പ്രഫഷനൽ ഇന്ദ്രജീത് ഘോർപഡെ, മതിൻ മുജാവർ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
പ്രത്യേക സമൂഹത്തെ ലക്ഷ്യംവെക്കുന്നില്ലെന്നും ഗർബ പരിപാടിയിൽ സ്ത്രീകളുടെ അനുചിതമായ ചിത്രങ്ങൾ എടുത്ത സംഭവത്തെ മുൻനിർത്തി ചെയ്ത ഷോ പൊതുപരിപാടികളിലെ സ്ത്രീസുരക്ഷയെ കേന്ദ്രീകരിച്ചാണെന്നുമുള്ള ചാനലിന്റെ വാദം അതോറിറ്റിക്ക് ബോധ്യപ്പെട്ടില്ല. അവതാരകയുടെ ചോദ്യത്തിലും ഉപയോഗിച്ച ഭാഷയിലും വർഗീയ നിറം നൽകൽ വ്യക്തമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.