ഇരുട്ടടി; വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി

ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ റെക്കോർഡ് വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ശരാശരി 993 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയിൽ 3,024 രൂപയായും ഉയർന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിലും പെട്രോൾ, ഡീസൽ നിരക്കുകളിലും തൽക്കാലം മാറ്റമില്ല.

ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 200 രൂപയും വർദ്ധിപ്പിച്ചിരുന്നു. പുതിയ വർദ്ധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കും. ഇത് പുറത്തുനിന്നുള്ള ഭക്ഷണത്തിനും ഹോം ഡെലിവറിക്കും വില വർദ്ധിക്കാൻ കാരണമായേക്കും.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലെത്തിയിട്ടും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാത്തത് എണ്ണക്കമ്പനികളെ കടുത്ത നഷ്ടത്തിലാക്കുന്നുണ്ട്. നിലവിൽ പ്രതിദിനം ഏകദേശം 16,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾ നേരിടുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വില വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലവിലെ തീരുമാനം. വിലവർദ്ധനവിനൊപ്പം പാചകവാതക ബുക്കിങ്ങിനുള്ള നിയമങ്ങളിലും മെയ് ഒന്ന് മുതൽ മാറ്റങ്ങൾ നിലവിൽ വരും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. 



Tags:    
News Summary - Commercial LPG Prices Hiked By Rs 993 Amid Iran War, No Changes In Domestic Rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.