‘ഹൈകോടതി കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല’; സുപ്രീംകോടതി ജഡ്ജിക്കെതിരെ മുൻ രാജസ്ഥാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: രാജസ്ഥാൻ ഹൈകോടതിയിലെ മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമക്കെതിരെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത. ഹൈകോടതിയുടെ കാര്യങ്ങളിൽ ഇടപെടാൻ സുപ്രീംകോടതി ജഡ്ജിക്ക് അവകാശമില്ലന്ന് പ്രതികരിച്ച ജസ്റ്റിസ് ശർമ, തനിക്കെതിരായ അഴിമതി, സ്വജനപക്ഷപാതം, ഭരണപരമായ അധികാര ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങൾ 'പ്രൊഫഷണൽ അസൂയ' മൂലമാകാമെന്നും ആരോപിച്ചു.

പരാതിയുണ്ടെങ്കിൽ അത് ആദ്യം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതല്ലേയെന്നും ജസ്റ്റിസ് ശർമ ചോദിച്ചു. ജഡ്ജിമാർ തമ്മിലുള്ള ഇത്തരം ആഭ്യന്തര വിഷയങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അവ സാധാരണയായി മാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ പുറത്തുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരെ സമൂഹമാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്നും അത് പൊതുജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നും ജസ്റ്റിസ് ശർമ വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് മേത്ത ഇത്തരം കാര്യങ്ങളിൽ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിനെതിരെയും നടപടി വേണമെന്നും ശർമ ആവശ്യപ്പെട്ടു.

ആഗസ്റ്റിലാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിന് കത്തുകളയച്ച് രാജസ്ഥാൻ ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് പ്രകാശ് ശർമക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. രാജസ്ഥാൻ ഹൈകോടതിക്ക് മറ്റൊരു സംസ്ഥാനത്തുനിന്നുള്ള സ്ഥിരം ചീഫ് ജസ്റ്റിസിനെ അടിയന്തരമായി നിയമിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ആഗസ്റ്റ് 2, 10, 17 തീയതികളിലായി അയച്ച മൂന്ന് കത്തുകളിൽ ഭരണപരമായ അധികാരങ്ങളുടെ ദുരുപയോഗം, കേസുകളുടെ പട്ടിക ക്രമീകരിക്കുന്നതിലെ ഇടപെടൽ, സ്വജനപക്ഷപാതം, പക്ഷപാതപരമായ സമീപനം, ഭരണപരമായ വീഴ്ചകൾ തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് മേത്ത ഉന്നയിച്ചത്. സമ്പന്നരും സ്വാധീനമുള്ളവരുമായ ഹരജിക്കാർക്ക് അനുകൂലമായി കേസുകൾ കൈകാര്യം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. 

പ്രത്യേകിച്ച്, മറ്റ് ബെഞ്ചുകൾക്ക് മുമ്പാകെ പരിഗണനയിലുണ്ടായിരുന്ന ചില കേസുകൾ വ്യക്തമായ കാരണമില്ലാതെ പിൻവലിച്ച് ജസ്റ്റിസ് ശർമ അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റിയതായി ജസ്റ്റിസ് മേത്ത ആരോപിച്ചു. ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ അധികാരമായ ‘മാസ്റ്റർ ഓഫ് റോസ്റ്റർ’ പദവി ഉപയോഗിച്ച് കേസുകൾ സ്വന്തം ബെഞ്ചിലേക്ക് മാറ്റിയെന്നായിരുന്നു മറ്റൊരു ആരോപണം. 

എന്നാൽ തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ ജസ്റ്റിസ് മേത്തയെ പ്രേരിപ്പിച്ചത് “പ്രൊഫഷണൽ അസൂയയായിരിക്കാം” എന്നാണ് ശർമ്മ പ്രതികരിച്ചത്. 

വിവാദത്തിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തും പ്രതികരിച്ചിരുന്നു. ജസ്റ്റിസ് മേത്ത ഉന്നയിച്ച ആശങ്കകൾ സുപ്രീംകോടതി കൊളീജിയത്തിലെ മുതിർന്ന ജഡ്ജിമാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഒരു സിറ്റിങ് ജഡ്ജിക്കെതിരായ ആരോപണങ്ങൾ സ്ഥാപിതമായ നടപടിക്രമത്തിലൂടെയാണ് പരിശോധിക്കേണ്ടതെന്നും, ആരോപണം ഉന്നയിക്കപ്പെട്ടത് മാത്രം അടിസ്ഥാനമാക്കി അത് കുറ്റം തെളിഞ്ഞതായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിനിടെ, ജസ്റ്റിസ് ശർമ പിന്നീട് രാജസ്ഥാൻ ഹൈകോടതിയിൽ നിന്ന് വിരമിച്ചു. തുടർന്ന് ചത്തീസ്ഗഢ് ഹൈകോടതി ജഡ്ജിയായ സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് ശർമ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം. 

Tags:    
News Summary - Former Rajasthan acting Chief Justice breaks silence on claims by Supreme Court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.