യു.പി.ഐക്ക് സർചാർജ്: 76 ശതമാനം ആളുകളും കാഷ്, കാർഡ് ഇടപാടുകളിലേക്ക് മാറിയേക്കും
ന്യൂഡൽഹി: രണ്ടായിരം രൂപക്ക് മുകളിലുള്ള യു.പി.ഐ വ്യക്തിഗത-വ്യാപാരി ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ 0.4 ശതമാനം മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ബാധകമാക്കുന്നതോടെ, ഉപഭോക്താക്കളും വ്യാപാരികളും വൻ പ്രതിഷേധത്തിലേക്ക്. വ്യാപാരികൾ ഈ അധിക തുക ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെച്ചാൽ 76 ശതമാനം ആളുകളും പണമായോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴിയോ ഉള്ള ഇടപാടുകളിലേക്ക് മടങ്ങുമെന്നാണ് പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
പ്രമുഖ കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാജ്യത്തെ 291 ജില്ലകളിൽ നിന്നായി 67,000ലധികം ആളുകളാണ് സർവേയിൽ പങ്കെടുത്തത്.
രണ്ടായിരം രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരി അധിക തുക ഈടാക്കിയാൽ അത് സഹിച്ചും യു.പി.ഐ ഉപയോഗിക്കുന്നത് തുടരുമെന്ന് പറഞ്ഞത് വെറും 14 ശതമാനം പേർ മാത്രമാണ് (31,206 പേരുടെ പ്രതികരണങ്ങളിൽ നിന്ന്).
അധിക തുക ചോദിച്ചാൽ 27 ശതമാനം പേർ പണമായി നൽകും. 26 ശതമാനം പേർ ക്രഡിറ്റ് കാർഡിലേക്കും 14ശതമാനംപേർ ഡെബിറ്റ് കാർഡിലേക്കും മാറും. നാല് ശതമാനം പേർ ബാങ്ക് ട്രാൻസ്ഫർ തിരഞ്ഞെടുക്കുമ്പോൾ, ഒമ്പത് ശതമാനം പേർ അധിക ചാർജില്ലാത്ത മറ്റ് മാർഗങ്ങൾ നൽകാൻ വ്യാപാരിയോട് ആവശ്യപ്പെടും. രണ്ട് പേർ വാങ്ങൽ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യും.
ദീർഘകാലാടിസ്ഥാനത്തിൽ യു.പി.ഐക്ക് നിരക്ക് ഈടാക്കിയാൽ 76 ശതമാനം ആളുകളും വൻകിട ഇടപാടുകളിൽ നിന്ന് യു.പി.ഐ ഒഴിവാക്കും. 26 ശതമാനം പേർ വീണ്ടും കറൻസി നോട്ടുകളിലേക്കും 39ശതമാനം പേർ കാർഡുകളിലേക്കും (ക്രഡിറ്റ്/ഡെബിറ്റ്) മാറും. വെറും 20 ശതമാനം പേർ മാത്രമാണ് യു.പി.ഐയിൽ തുടരുമെന്ന് വ്യക്തമാക്കിയത്.
ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകൾക്കും പേയ്‌മെന്റ് സർവിസ് പ്രൊവൈഡർമാർക്കും യുപിഐ ആപ്പുകൾക്കും നൽകേണ്ട സേവന നിരക്കാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്. ഇതുവരെ യു.പി.ഐ ഇടപാടുകൾക്ക് ഇത് പൂജ്യമായിരുന്നു. എന്നാൽ ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ളതമാനം എം.ഡി.ആർ ബാധകമാകും.
ഇത് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനുള്ള നികുതിയോ ചാർജോ അല്ലെന്നും, വ്യാപാരികൾ ഇത് ഉപഭോക്താക്കളിലേക്ക് കൈമാറരുതെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പേയ്‌മെന്റ് ആപ്പുകൾ മറ്റ് പ്ലാറ്റ്‌ഫോം ഫീസുകളോ ഒളിഞ്ഞിരിക്കുന്ന ചാർജുകളോ ഈടാക്കരുതെന്നും ബാങ്കുകൾക്ക് നിർദേശമുണ്ട്.
ആർക്കൊക്കെ ഇളവ്?
2,000 രൂപ വരെയുള്ള എല്ലാ യു.പി.ഐ ഇടപാടുകളും സൗജന്യമായി തുടരും.
വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്ക് ചാർജുണ്ടാകില്ല.
മാസം ഒരു ലക്ഷം രൂപവരെ യു.പി.ഐ ക്യു.ആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ 96 ശതമാനം വ്യാപാരി ഇടപാടുകളെയും പുതിയ നിരക്ക് ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
വ്യാപാരികൾക്കും അമർഷം
ഇലക്ട്രോണിക്സ്, യാത്ര, റസ്റ്റാറന്റുകൾ, മറ്റ് വലിയ ഷോപ്പിങുകൾ എന്നിവയിലാണ് യു.പി.ഐ ഉപയോഗം കൂടുതൽ. 2026 ആഗസ്റ്റിൽ 29.82 ലക്ഷം കോടി രൂപയുടെ 2,451 കോടി യു.പി.ഐ ഇടപാടുകൾ നടന്നു. ഇതിൽ വ്യാപാരി ഇടപാടുകളുടെ 67 ശതമാനം മൂല്യവും 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.