സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല; പാൻ മസാല പരസ്യത്തിൽ രൂക്ഷ വിമർശനവുമായി തുക്കാറാം മുണ്ടെ

മുംബൈ: പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷ വിഭാഗം (എഫ്.ഡി.എ) കമീഷണർ തുക്കാറാം മുണ്ടെ. പൊതുജനങ്ങൾക്ക് മുന്നിൽ ഇത്തരം ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്ന സെലിബ്രിറ്റികൾ ആദ്യം അത് തങ്ങളും മക്കളും ഉപയോഗിച്ചു കാണിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിമൽ ഏലാച്ചിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. പുകയില ഉൽപന്നങ്ങളുടെ പരോക്ഷ പരസ്യമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന വാദത്തെ തുക്കാറാം മുണ്ടെ ശക്തമായി എതിർത്തു. ഉൽപന്നങ്ങൾ പ്രൊമോട്ട് ചെയ്യുമ്പോൾ പണം വാങ്ങുന്നവർ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ആളുകൾ രണ്ട് തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും ഇരട്ടത്താപ്പ് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് താരങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർ മറുപടി നൽകിയിട്ടുണ്ടെന്നും രണ്ട് പേർ ഹിയറിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുക്കാറാം മുണ്ടെ പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  

നേരത്തേ ആരാധകർക്ക് സിനിമാ താരങ്ങൾ സൂപ്പർ താരങ്ങളാകാം എന്നാൽ നിയമത്തിന്റെ മുന്നിൽ അവർ വെറും പരസ്യദാതാക്കൾ മാത്രമാണെന്ന് തുക്കാറാം മുണ്ടെ വ്യക്തമാക്കിയിരുന്നു.ഇതിനിടെ, എഫ്.ഡി.എ നടപടിക്കെതിരെ വിമൽ എലായ്ചിയുടെ മാസ്റ്റർ ലൈൻസിയായ പി.ബി. അഗ്രോ എൽ.എൽ.പി ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജി കോടതി തള്ളിയിരുന്നു. മുംബൈയിലെ എഫ്.ഡി.എ ആണ് നോട്ടീസ് നൽകിയതെന്നും അതിനാൽ ഡൽഹി ഹൈകോടതിക്ക് ഇതിൽ പ്രാദേശിക അധികാരപരിധിയില്ലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കോടതികളാണ് ഇത്തരം വിഷയങ്ങൾ പരിഗണിക്കാൻ കൂടുതൽ അനുയോജ്യമായ ഫോറം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Tukaram Mundhe fumes at celebs-endorsed paan masala ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.