ഇ-ചെലാൻ പിഴ അടച്ചില്ലെങ്കിൽ വാഹന സേവനങ്ങൾ മരവിപ്പിക്കണം; നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച ഇ-ചെലാനുകളിലെ പിഴ അടക്കാത്ത വാഹനങ്ങളുടെ മോട്ടോർ വാഹന സേവനങ്ങൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ നിർദേശം. പിഴ പൂർണമായി അടക്കുന്നതുവരെ ഇത്തരം വാഹനങ്ങളെ കേന്ദ്ര പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ഇ-ചെലാൻ നൽകുന്നതിൽ മാത്രം നടപടികൾ ഒതുങ്ങരുതെന്നും പിഴ തുക കർശനമായി ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. കുടിശ്ശികയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി അനുവദിക്കൽ, ഉടമയുടെ വിലാസം പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ സേവനങ്ങൾ തടയണമെന്നാണ് നിർദേശം. പിഴ പൂർണമായി അടക്കുന്നതുവരെ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

ഇത്തരം വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി) നൽകാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുള്ളവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് തടയുന്നതിനും നിലവിലുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

ഇ-ചെലാനുകൾ നൽകുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും പിഴ തുക ഈടാക്കുന്നതാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് ഏകദേശം 45,000 കോടി രൂപയുടെ ഇ-ചെലാൻ പിഴയാണ് ഈടാക്കാനുള്ളതെന്ന് കോടതിയെ അറിയിച്ചു. ഇതിൽ ഏകദേശം 25,000 കോടി രൂപ ഇതിനകം ഈടാക്കിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ ഇലക്ട്രോണിക് എൻഫോഴ്സ്മെന്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഗണിക്കുന്ന റോഡ് സുരക്ഷാ കേസിലാണ് സുപ്രീംകോടതിയുടെ നിർദേശങ്ങൾ.

Tags:    
News Summary - SC Orders Action Against Unpaid E-Challans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.