വാണിജ്യ സിലിണ്ടറിനും വിമാന ഇന്ധനത്തിനും കുത്തനെ വില കൂട്ടി

ന്യൂഡൽഹി\കൊച്ചി: വിമാന ഇന്ധനത്തിനും ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ എൽ.പി.ജി സിലിണ്ടറിനും കുത്തനെ വില കൂട്ടി. വിമാന ഇന്ധന വില അഞ്ചു ശതമാനമാണ് കൂട്ടിയത്. ഇതിനകം ഉയർന്നു നിൽക്കുന്ന വിമാന നിരക്ക് കൂടുതൽ വർധിക്കാൻ ഇത് ഇടയാക്കും. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 209 രൂപയാണ് വർധിപ്പിച്ചത്. ഇത് ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും ആഘാതമായി. ഗാർഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അടിസ്ഥാന വില 903 രൂപ തന്നെ.

ഒരുമാസം മുമ്പ് 160 രൂപ കുറച്ച ശേഷമാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില 202 മുതൽ 209 രൂപ വരെയായി വർധിപ്പിച്ചത്. ആഗസ്റ്റിൽ 100ഉം രൂപ കുറച്ചിരുന്നു. കേരളത്തിൽ 202 രൂപ വർധിക്കുമെന്നാണ് ലഭ്യമായ വിവരം. ഇതുപ്രകാരം എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 1740 രൂപ, ആലപ്പുഴ 1742, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 1798, കൊല്ലം 17772, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 1772, പാലക്കാട് 1774, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ 1753, തിരുവനന്തപുരം 1761, വയനാട് 1785 എന്നിങ്ങനെയാണ് നിരക്ക് വർധിക്കുക.

വിമാന ഇന്ധനത്തിന് ജൂലൈ മുതൽ എല്ലാ മാസങ്ങളിലും വില കൂട്ടിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നുവെന്നാണ് വിശദീകരണം. ഒക്ടോബർ ഒന്നിന് വരുത്തിയ വർധന കിലോ ലിറ്ററിന് 5,779.84 രൂപ അഥവാ 5.1 ശതമാനമാണ്. സെപ്റ്റംബർ ഒന്നിന് 14.1ഉം ആഗസ്റ്റ് ഒന്നിന് 8.5ഉം ജൂലൈ ഒന്നിന് 1.65ഉം ശതമാനം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടിയത്. വിമാന കമ്പനികളുടെ ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനെന്നാണ് കണക്ക്.

വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് മുംബൈയിൽ നിരക്ക് 1,684 രൂപയിലെത്തി. ഡൽഹിയിൽ 1,731.50 രൂപയാണ്. സെപ്റ്റംബറിൽ 157.5ഉം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം ദിവസങ്ങൾക്കകം വരാനിരിക്കുന്നത് ഗാർഹിക സിലിണ്ടർ ഉപയോക്താക്കെള തുണച്ചു. ആഗസ്റ്റ് 30ന് 200 രൂപ കുറച്ച തീരുമാനം അതേപടി നിലനിൽക്കും. അതേസമയം പെട്രോൾ, ഡീസൽ വില ഒന്നര വർഷമായി കുറച്ചിട്ടില്ല.

വില വർധിപ്പിച്ച നടപടിയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജി. ജയപാൽ പ്രതിഷേധിച്ചു. നിരവധി തവണ ആവശ്യപ്പെട്ടപ്പോഴാണ് 160 രൂപ കഴിഞ്ഞമാസം കുറച്ചത്. എന്നാൽ, ഒരു കാരണവുമില്ലാതെ വീണ്ടും വില കൂട്ടി. വലിയ പ്രതിസന്ധിയിലൂടെയാണ് ഹോട്ടലടക്കമുള്ള സ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പ്രയാസങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ വീണ്ടും വില വർധിപ്പിച്ചത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Commercial LPG gas cylinders price hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.