വാരാണസി സീറ്റിൽ ​കോമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചു

വാരാണസി: ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ കോമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്യാം രംഗീല ശ്രദ്ധ നേടിയിരുന്നു. വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായാണ് ശ്യാം രംഗീല മത്സരിക്കുന്നത്.

മെയ് 14നാണ് രംഗീല ലോക്സഭയിലേക്ക് പത്രിക നൽകിയത്. ഇതിന്റെ വിഡിയോ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഒരു ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിച്ചിട്ടുണ്ട്. ​നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് രംഗീലക്ക് എതിർപ്പുകളുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മെയ് 13ന് രംഗീല എക്സിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. തന്റെ നാമനിർദേശ പത്രിക ആരും സ്വീകരിക്കുന്നില്ലെന്നും നാളെ വീണ്ടും ശ്രമിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെയ് 14ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്റെ ഫോൺകോളുകൾക്ക് മറുപടി നൽകുന്നില്ലെന്നും അവരെ കാണാൻ സാധിച്ചിട്ടില്ലെന്നും അറിയിച്ച് രംഗീല രംഗത്തെത്തി. തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ രാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളുകയായിരുന്നു. ജനാധിപത്യം വധിക്കപ്പെട്ടുവെന്നായിരുന്നു ഇതേക്കുറിച്ചുള്ള രംഗീലയുടെ പ്രതികരണം. തെരഞ്ഞെടുപ്പിനെ ഒരു ഗെയിമായാണ് കമീഷൻ മാറ്റിയിരിക്കുന്നത്. ഇന്ന് എന്റെ പത്രിക നിരസിക്കപ്പെട്ടു. ഇതിനായിരുന്നുവെങ്കിൽ അവർ അത് സ്വീകരിക്കേണ്ടിയിരുന്നില്ല. 24 മണിക്കൂറിനുള്ളിലാണ് നാമനിർദേശ പത്രിക തള്ളാനുള്ള തീരുമാനം കമീഷൻ എടുത്തത്. താൻ എല്ലാവിവരങ്ങളും പത്രികയോടൊപ്പം സമർപ്പിച്ചിരുന്നുവെന്നും ശ്യാം രംഗീല കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ ​തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുവെന്നതാണ് വാരാണസിയെ ശ്രദ്ധേയമാക്കുന്നത്. മോദി കഴിഞ്ഞ ദിവസം വാരാണസി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Tags:    
News Summary - Comedian Shyam Rangeela's nomination rejected from Varanasi seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.