‘പാറ്റ’കളുടെ പ്രതിഷേധത്തിന് അനുമതി; പ്രവർത്തകരുമായി അഭിജീത് ദീപ്കെ ജന്തർ മന്തറിലേക്ക്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജ്യ ആവശ്യപ്പെട്ട് പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി - സി.ജെ.പി) ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകി.

യു.എസിൽനിന്ന് രാവിലെയാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിൽ വിമാനമിറങ്ങിയത്. പിന്നാലെ പൊലീസ് നേരിട്ട് വിമാനത്താവളത്തിലെത്തി അഭിജീത്തുമായി സംസാരിച്ചാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. നേരത്തെ, അഭിജീത്തും പ്രവർത്തകരും പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി വാങ്ങാനായിരുന്നു തീരുമാനിച്ചത്.

സുരക്ഷ പരിശോധന പൂർത്തിയാക്കി അഭിജീത്, ഭരണഘടനശിൽപി ഡോ. ബി.ആർ. അംബേദ്കറിന്‍റെ ആത്മകഥയും ഉയർത്തിപിടിച്ചാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയത്. പിന്നാലെ പ്രവർത്തകരുമായി നേരെ ജന്തർ മന്തറിലേക്കാണ് പോയത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ രൂപംകൊണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടിയ ആക്ഷേപഹാസ്യ കൂട്ടായ്മ ആദ്യമായാണ് തെരുവിലേക്ക് ഇറങ്ങുന്നത്.

പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനു പകരം പ്രവർത്തകരോട് ജന്തർ മന്തറിലേക്ക് പോകാൻ സി.ജെ.പി വക്താക്കൾ ആവശ്യപ്പെട്ടു. നേരത്തെ, പ്രവർത്തകരെ നേരിട്ടു കാണുന്നതിലുള്ള ആകാംക്ഷ അഭിജീത് എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അതേസമയം, വിമാനത്താവളത്തിലോ ജന്തർ മന്തറിലോ വലിയ ജനക്കൂട്ടം എത്തിയിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. ദേശീയ പതാകയും കൈയിൽ ഒരു നോട്ടു പുസ്തകവുമായി ജന്തർ മന്തറിലേക്ക് വരാനാണ് പ്രവർത്തകരോട് അഭിജീത് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധം സമാധാനപരമായിരിക്കും. രാവിലെ ഒമ്പത് മണിക്ക് ദേശീയപതാകയുമായി എത്തണം. പ്രതിഷേധങ്ങളെല്ലാം ചിത്രീകരിക്കണം. പൂക്കൾ കൊണ്ടുവന്ന് അവ പൊലീസിന് നൽകണമെന്നും സി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധത്തിനെതിരെയുള്ള ഹരജിയിൽ അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വെള്ളിയാഴ്ച വിസമ്മതിച്ചിരുന്നു. പ്രതിഷേധ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ ആണ് ഹരജി നൽകിയത്. പ്രതിഷേധം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തുടനീളം ഡൽഹി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി.

മുൻകരുതൽ നടപടിയായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ, അതിർത്തി പ്രവേശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിലാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് സി.ജെ.പി ആവശ്യപ്പെടുന്നത്.

Tags:    
News Summary - Cockroach Janta Party gets Delhi Police nod for protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.