അനിൽ അംബാനിയുടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ട് കോബ്രപോസ്റ്റ് സ്ഥാപകനും ചീഫ് എഡിറ്ററുമായ അനിരുദ്ധ് ബഹൽ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുന്നു. പ്രശാന്ത് ഭൂഷൺ, പരഞ്ജോയ് ഗുഹ താക്കൂർത്ത എന്നിവർ സമീപം
ന്യൂഡൽഹി: അനിൽ അംബാനിക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുമായി ന്യൂസ് പോര്‍ട്ടലായ കോബ്രാപോസ്റ്റ്. 2006 മുതൽ അനിൽ അംബാനി 28,874 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് കോർപറേറ്റ് അഡ്വൈസറി സർവിസസ് എന്നിവയുൾപ്പെടെ അനിൽ അംബാനിയുടെ കീഴിലുള്ള കമ്പനികളിൽനിന്നുള്ള ഓഹരികൾ കടലാസ് കമ്പനികൾ വഴി തിരിച്ചുവിട്ടാണ് തട്ടിപ്പ്.
സിംഗപ്പൂർ, മൗറീഷ്യസ്, സൈപ്രസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ ഓഫ്ഷോർ സ്ഥാപനങ്ങൾ വഴി ഏകദേശം 13,047 കോടി രൂപ സംശയാസ്പദമായ രീതിയിൽ അദ്ദേഹത്തിന്റെ കമ്പനികളിൽ എത്തിയെന്നും കോബ്രപോസ്റ്റ് പറയുന്നു.
2013ലെ കമ്പനീസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആക്ട്, ആദായനികുതി നിയമം തുടങ്ങിയ വിവിധ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അനിൽ അംബാനിയും കമ്പനിയും നടത്തിയത്. റിപ്പോര്‍ട്ട് പുറത്തുവിടുംമുമ്പ് അനില്‍ അംബാനിയില്‍നിന്ന് പ്രതികരണം തേടിയെങ്കിലും കമ്പനി നോട്ടീസ് അയക്കുകയായിരുന്നെന്ന് കോബ്രാപോസ്റ്റ് വ്യക്തമാക്കി.
റിലയൻസ് ഗ്രൂപ്പിന്റെയും അനിൽ അംബാനിയുടെയും 55 ലക്ഷം ഓഹരിയുടമകളുടെയും പ്രശസ്തിക്ക് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ള അപകീർത്തികരമായ വാർത്തകളാണ് കോബ്രപോസ്റ്റ് നൽകിയതെന്ന് റിലയൻസ് ഗ്രൂപ് പുറത്തുവിട്ട വാർത്തകുറിപ്പിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.